മൂന്നര വര്‍ഷം പേനത്തുമ്പില്‍ വിരിഞ്ഞത് 2000 ഇംഗ്ലിഷ് കവിതകള്‍
കോഴിക്കോട്: 'വേദനയുടെ ചിറകുകളി'ല്‍ തുടങ്ങി മൂന്നര വര്‍ഷം കൊണ്ട് ഇവര്‍ എഴുതിത്തീര്‍ത്തത് 2000 ത്തോളം ഇംഗ്ലിഷ് കവിതകള്‍. കാല്‍പനികത തുറന്നുവിട്ട ഭാവനയുടെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുകയാണ് ഇവരുടെ ഓരോ കവിതയും. ജെ.ഡി.ടി ഇസ്‌ലാം ഐ.സി.ടി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും പാലാഴി സ്വദേശി രാജേഷിന്റെ ഭാര്യയുമായ ലിറ്റി ലോകനാഥാണ് പേനത്തുമ്പില്‍ ഒരായിരം കവിതകള്‍ വിരിയിക്കുന്നത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനെ കുറിച്ചുള്ള 'വിങ്‌സ് ഓഫ് പാങ്‌സ് ' ആയിരുന്നു ഇവരുടെ ആദ്യത്തെ കവിത. 2015 ജൂലൈ 27ന് എ.പി.ജെയുടെ വേര്‍പാടില്‍ മനംനൊന്താണു കവിത എഴുതിത്തുടങ്ങിയതെന്ന് ലിറ്റി പറയുന്നു. തന്റെ കവിതകള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ കവിതകളെഴുതാന്‍ തുടങ്ങി. തുടര്‍ന്ന് ഇതുവരെ 2000ത്തോളം കവിതകളെഴുതി. ഒരുവര്‍ഷം കൊണ്ട് എഴുതിയ തിരഞ്ഞെടുക്കപ്പെട്ട 125 കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ ആസ്ഥാനമായി 2018ല്‍ നടത്തിയ ഇ ബുക്ക് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മികച്ച കവിതകളായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കവിതകളിലും ഇവരുടേത് ഉള്‍പ്പെട്ടിരുന്നു. മലയാളത്തില്‍ രണ്ടു നോവലുകളും ഗുരുവായൂരപ്പനെ കുറിച്ചുള്ള 50 ല്‍പരം ഗാനങ്ങളും രചിച്ച ഇവര്‍ ചിത്രകലയിലും മികവു തെളിയിച്ചിട്ടുണ്ട്. ഇവരുടെ മുംബൈയിലെ ലെഡ്സ്റ്റാര്‍ട് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന 'ദി സ്മാള്‍ ഫിംഗര്‍ ഓഫ് ഹിം' എന്ന കവിതാ സമാഹാരം നാളെ കോഴിക്കോട്ട് പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് ടൗണ്‍ ഹാളില്‍ കവി പി.കെ ഗോപി സി. ഗംഗാധരനു നല്‍കി പ്രകാശനം നിര്‍വഹിക്കും. ആര്യാഗോപി പുസ്തകാവതരണം നടത്തും. സി.പി കുഞ്ഞിമുഹമ്മദ്, കെ. അജിത, കമാല്‍ വരദൂര്‍, രാഘവന്‍ അത്തോളി, പി. വിജി പങ്കെടുക്കുമെന്ന് കോഡിനേറ്റര്‍ ഷെയ്ഖ് ഷാഹിദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."