പൗരത്വവിഭജനം ജനശ്രദ്ധ തിരിച്ചുവിടാന്‍: ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: പൗരത്വനിയമഭേദഗതിയിലൂടെ രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നതുമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന കുടിലതന്ത്രം കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിവേചന മനോഭാവത്തോടെ ഒരു പ്രത്യേക സമുദായത്തിനു മാത്രം പൗരത്വം നിഷേധിച്ച അനുഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 14ാം അനുച്ഛേദം ഇത്തരം വിഭാഗീയ നടപടികള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടു തന്നെ മോദി സര്‍ക്കാരിന്റെ ഈ നീക്കം നിയമപ്രകാരം നിലനില്‍ക്കില്ല.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തിയവരില്‍ മുസ്‌ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്കു പൗരത്വം നല്‍കാനുള്ള തീരുമാനം കടുത്ത മതവിവേചനമാണ്. അത് അംഗീകരിക്കാന്‍ രാജ്യത്തെ മതേതരവിശ്വാസികള്‍ക്ക് കഴിയില്ല. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ അംഗീകരിക്കില്ല.
മതപരമായ ധ്രുവീകരണം രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരികയെന്ന കൃത്യമായ അജന്‍ഡ ഇക്കാര്യത്തില്‍ ബി.ജെ.പിക്കുണ്ട്. മതാധിഷ്ഠിതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം.
അത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനെതിരാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. അസമില്‍ നടപ്പാക്കിയ പൗരത്വപട്ടികയില്‍നിന്ന് പുറത്തായ മുസ്‌ലിംകളല്ലാത്തവരെ പൗരന്മാരാക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുമ്പോള്‍ അതു കേരളമുള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബാധിക്കും. അത്തരമൊരു പൗരത്വപ്പട്ടികക്കെതിരേ നാം കൈകോര്‍ക്കണം.
ഇന്ത്യ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേതല്ല. എല്ലാ മതക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന മതേതരരാഷ്ട്രമാണ്. വൈദേശികശക്തികളെ ജീവന്‍നല്‍കിയും പൊരുതിത്തോല്‍പ്പിക്കാന്‍ എല്ലാ വിഭാഗവും രംഗത്തുവന്നിട്ടുണ്ട്.
അധിനിവേശ വിരുദ്ധപ്പോരാട്ടം വിശ്വാസത്തിന്റെ ഭാഗമായി സ്വീകരിച്ചവരാണ് മുസ്‌ലിംകള്‍. അതിനാല്‍തന്നെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ മുന്നണിയിലുണ്ടായിരുന്നു.
സ്വതന്ത്രഭാരതം കെട്ടിപ്പെടുക്കുന്നതിലും കൈമെയ് മറന്നു രംഗത്തുണ്ടായിരുന്നു മുസ്‌ലിംകള്‍. അങ്ങനെയുള്ള ജനതയെ എന്തിനുവേണ്ടിയാണ് അകറ്റി നിര്‍ത്തുന്നത്. അത് അംഗീകരിക്കാനാവില്ല. ഭരണവീഴ്ച മറച്ചുവയ്ക്കക്കാന്‍ നടത്തുന്ന വിഭജനതന്ത്രങ്ങളെ മതേതരവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."