ദിവസവേതനക്കാര്‍ക്കുള്ള പരിശീലനം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ നിര്‍ദേശം
ചെറുവത്തൂര്‍: ദിവസവേതനാടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകര്‍ക്കും എയ്ഡഡ് വിദ്യാലയങ്ങളില്‍ പുതുതായി നിയമിതരായ അധ്യാപകര്‍ക്കുമുള്ള പരിശീലനത്തില്‍ നിന്ന് പിന്‍മാറാതെ സമഗ്രശിക്ഷാ അഭിയാന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിക്കുകയും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയും ചെയ്ത പരിശീലനം ക്രിസ്തുമസ് അവധിക്കാലത്ത് നടത്തും. ഡിസംബര്‍ 26- 27, 28- 29 ദിവസങ്ങളിലായി പരിശീലനം നടത്താനാണ് തീരുമാനം. അധ്യാപകര്‍ക്ക് പരിശീലനത്തിനായി ഇഷ്ടമുള്ള ബി.ആര്‍.സി തിരഞ്ഞെടുക്കാം. ഇതിനായി അധ്യാപകരുടെ താല്‍പര്യപത്രം വാങ്ങാനും നിര്‍ദേശമുണ്ട്.
പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനകാര്യങ്ങളില്‍ പരിശീലനം നല്‍കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്നാണ് സമഗ്രശിക്ഷാ അഭിയാന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡിസംബര്‍ 8-9,15 -16 തിയതികളില്‍ പരിശീലനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
അവധി ദിവസങ്ങളില്‍ പരിശീലനം നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതോടൊപ്പം നിയമന നിരോധനത്തിനുള്ള നീക്കമാണെന്ന് ആരോപിച്ചു പ്രൈമറി അധ്യാപക ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും രംഗത്തുവന്നിരുന്നു.
അതേസമയം പ്രതിഫലം പോലും നല്‍കാതെ അവധിക്കാലത്ത് പരിശീലനം നടത്തുന്നതിനെതിരേ അധ്യാപകര്‍ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."