പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി; കരട് പട്ടികയില്‍ നിരവധി ഗുണഭോക്താക്കള്‍ പുറത്ത്
കിളിമാനൂര്‍: സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായുള്ള ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുന്നതിനായി തയാറാക്കിയ കരടു പട്ടികയില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ നിരവധി ഗുണഭോക്താക്കള്‍ തഴയപ്പെട്ടു. ഇതുസംബന്ധിച്ച് വ്യാപകമായി പരാതി ഉയരുന്നു. ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂമിയില്ലാത്ത ഭവന രഹിതരുടെയും കരടു പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബശ്രീ മുഖാന്തിരം വീടുകള്‍ തോറും കയറിയിറങ്ങി സര്‍വേ നടത്തിയത്. എടുത്ത സര്‍വേയുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പത്തു ശതമാനം വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
പഞ്ചായത്തില്‍ 218 ഭൂമിയുള്ള ഭവന രഹിതരും 67 ഭൂമിയില്ലാത്ത ഭവന രഹിതരും ഉണ്ടന്നാണ് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ പറയുന്നത്. എന്നാല്‍ നിരസിക്കപ്പെട്ട പലരും വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരാണ്. തഴയപ്പെട്ടവരെ കാണുമ്പോള്‍ സര്‍വേ എടുത്ത കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒളിച്ചു നടക്കുകയാണ്. ഈമാസം 10 വരെ പരാതി നല്‍കാന്‍ അവസരമുണ്ട്. 20ന് പട്ടിക പുനഃപ്രസിദ്ധീകരിക്കും. അര്‍ഹരായ ഒരു ഭവന രഹിതനും പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
വസ്തുവും വീടും ഇല്ലാത്തവര്‍ക്ക് അര്‍ഹതാ മാനദണ്ഡമായി സര്‍ക്കാര്‍ പറയുന്നത് സ്വന്തമായി കുടുംബാംഗങ്ങളില്‍ ആര്‍ക്കും വസ്തു ഉണ്ടാകരുത്, ഒരു റേഷന്‍ കാര്‍ഡില്‍ ഉള്ളവരെ ഒരു കുടുംബമായി കണക്കാക്കാം, 3 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരായിരിക്കണം, പരമ്പരാഗതമായി കുടുംബ സ്വത്ത് കൈമാറി കിട്ടാന്‍ സാധ്യത ഉണ്ടാകാന്‍ പാടില്ല, സ്വത്ത് ഭാഗംവച്ച ശേഷം ഭൂരഹിതര്‍ ആയവര്‍ ആകാന്‍ പാടില്ല തുടങ്ങിയവയാണ്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവരുള്ള കുടുംബമാകാനും നാലുചക്ര വാഹനം ഉണ്ടാകാനും പാടില്ല. വസ്തു ഉള്ള ഭവന രഹിതര്‍ക്ക് ഇതേ മാനദണ്ഡങ്ങള്‍ തന്നെയാണ്. എന്നാല്‍ നഗരങ്ങളില്‍ 5 സെന്റിന് താഴെയും ഗ്രാമങ്ങളില്‍ 25 സെന്റിന് താഴെയും മാത്രമേ ഭൂമി ഉണ്ടാകാന്‍ പാടുള്ളൂ. കരട് പട്ടിക വന്നതോടെ തഴയപ്പെട്ട നിരവധി പേരാണ് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ കയറിയിറങ്ങുന്നത്. പട്ടികക്ക് അന്ത്യമ രൂപമായി കഴിഞ്ഞാല്‍ അത് ഗ്രാമസഭകളില്‍ വച്ച് അംഗീകാരം നേടുന്നതോടെ പട്ടിക യാഥാര്‍ഥ്യമാകുകയും പിന്നീട് അതില്‍ മാറ്റം വരുത്താന്‍ സാധിക്കാതെയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."