സനലിന്റെ ഭാര്യയും കുടുംബവും നിരാഹാര സമരം തുടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. ഭാര്യ വിജിയും രണ്ടുകുട്ടികളും അമ്മയുമാണ് റിലേ സത്യഗ്രഹ സമരം തുടങ്ങിയത്. സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സനല്‍ കുമാറിന്റെ കുടുംബം വ്യക്തമാക്കി. വിജിക്ക് സര്‍ക്കാര്‍ ജോലിയും അന്‍പതുലക്ഷം രൂപയും നല്‍കണമെന്നാവാശ്യപ്പെട്ടാണ് സമരം. സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലിസിന്റെ കൈകൊണ്ട് മരിച്ചതിനാല്‍ സനലിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. വിജിക്ക് സര്‍ക്കാര്‍ ജോലിയും അന്‍പത് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കണം. ഇക്കാര്യം നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. രണ്ടു മക്കളും ഭാര്യയുംഅമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. ഇപ്പോള്‍ കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് സനലിന്റെ കുടുംബം പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലുമാണ്. ഇരുപത്തിരണ്ട് ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിനുള്ളത്. വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."