കേരളത്തിലെ അക്രമത്തെ ചൊല്ലി പാര്‍ലമെന്റില്‍ സി.പി.എം- ബി.ജെ.പി പോര്
ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ നേരിടാനായി പാര്‍ലമെന്റില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉയര്‍ത്തിയ ബി.ജെ.പിയുടെ നടപടി പാര്‍ട്ടിയുടെയും സി.പി.എമ്മിന്റെയും അംഗങ്ങള്‍ തമ്മിലുള്ള വാക്‌പോരില്‍ കലാശിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം 'ദൈവം കൈയൊഴിഞ്ഞ നാടാ'യിരിക്കുന്നുവെന്ന് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് മീനാക്ഷിലേഖി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം സജീവമായി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെപി ഇന്നലെയും വിഷയം ഉന്നയിച്ചത്.
ലോക്‌സഭയില്‍ ഇടത്- ബി.ജെ.പി അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെയും ബഹളത്തെയും തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. സി.പി.എമ്മിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ലോക്‌സഭയില്‍ ബി.ജെ.പിയംഗങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച സ്പീക്കര്‍ സുമിത്ര മഹാജന്‍, പാര്‍ട്ടിയംഗങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ചില്ലെന്ന് ഇടത് എം.പിമാര്‍ ആരോപിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പേരുകള്‍ സഭയില്‍ പരാമര്‍ശിച്ചതിനെ സി.പി.എം കക്ഷി നേതാവ് പി. കരുണാകരന്‍ അപലപിച്ചു. പിണറായി വിജയനെയും യെച്ചൂരിയേയും പാര്‍ട്ടിയെയും ബി.ജെ.പിയംഗങ്ങള്‍ ഭീകരര്‍ എന്നാണു വിശേഷിപ്പിച്ചത്.
അംഗങ്ങള്‍ അല്ലാത്തവരുടെ പേരില്‍ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി അംഗങ്ങള്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു.
ഉടന്‍ ഭരണപക്ഷക്കാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഒപ്പം ഇടതു അംഗങ്ങളും ശബ്ദം ഉയര്‍ത്തിയതോടെ സഭ പ്രക്ഷുബ്ധമായി. എം.ബി രാജേഷും പി.കെ ശ്രീമതിയും ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ മുങ്ങിയ സഭ ഇരുപതു മിനുറ്റ് നേരത്തേക്കു നിര്‍ത്തിവച്ചു.
വീണ്ടും സഭ ചേര്‍ന്നപ്പോഴും സി.പി.എം അംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കു നീങ്ങി. വിഷയം വീണ്ടും ഉന്നയിക്കാന്‍ ഇടത് എം.പിമാര്‍ ശ്രമിച്ചപ്പോള്‍ ഇരുപക്ഷവും സംസാരിച്ചു കഴിഞ്ഞെന്നും ഇത് സഭാ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ഭരണപക്ഷത്തിന്റെ തന്ത്രങ്ങള്‍ക്കു വേണ്ടി തങ്ങളെ അടിച്ചമര്‍ത്തരുതെന്ന് സി.പി.എമ്മിന്റെ മുഹമ്മദ് സലീം സ്പീക്കറോട് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ചുകൊണ്ടിരുന്ന വിഷയം പൂര്‍ത്തിയാക്കാന്‍ സ്പീക്കര്‍ കരുണാകരന് അനുമതി നല്‍കി.
കേരളത്തില്‍ സി.പി.എം അംഗങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പി, ആര്‍.എസ്.എസ്, ഇടത് നേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തതും കരുണാകരന്‍ സഭയില്‍ വ്യക്തമാക്കി.
രാജ്യസഭയില്‍ ബി.ജെ.പിയുടെ വിനയ് സഹസ്രബുദ്ധയാണ് കേരളത്തിലെ അക്രമസംഭവങ്ങള്‍ ഉന്നയിച്ചത്. ദലിതരെക്കുറിച്ച് വാചാലരാകുന്ന സി.പി.എം, ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന ദലിത് നേതാക്കളെ കൊലപ്പെടുത്തുകയാണെന്നും കേരളത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ചൂണ്ടിക്കാട്ടി.കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ബി.ജെ.പി എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ഇടത് എം.പിമാര്‍ പാര്‍ലമെന്റിനു പുറത്തു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."