റോഡ് നവീകരണം കാരണം പൊടിശല്യം; അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തം
കോവളം: റോഡ് നവീകരണത്തിന്റെ പേരില്‍ പ്രദേശവാസികളെ പൊടി തീറ്റിക്കുകയും പൊടിയില്‍ മുക്കുകയും ചെയ്ത ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുന്നു. വിഴിഞ്ഞം തിയറ്റര്‍ ജങ്ഷന് സമീപത്ത് നിന്നും ഹാര്‍ബര്‍ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനിലേക്കെത്തുന്ന 200 മീറ്ററോളം വരുന്ന ഇടറോഡാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് മാസങ്ങളായി. ഇരുവശവും നിരവധി വീടുകളും കടകളും പ്രവര്‍ത്തിക്കുന്ന റോഡാണിത്. കൂടാതെ ടൗണ്‍ഷിപ്പ്, പുല്ലൂര്‍ക്കോണം തുടങ്ങി റോഡിന്റെ ഉള്‍ വശങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര പാതയുമാണ് .ഈ മേഖലയിലെ പിഞ്ചു കുട്ടികള്‍ സ്‌കൂള്‍ ബസുകളിലേക്കെത്താന്‍ ആശ്രയിക്കുന്നതും ഈ പാതയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പധികൃതരും കരാറുകാരനും ഉറപ്പു നല്‍കിയിരുന്നതാണ് ഉണ്ടായിരുന്ന ടാര്‍ റോഡ് വെട്ടിപ്പൊളിച്ച് നിര്‍മാണം തുടങ്ങിയ ഉടനെ സമീപത്തെ പുതിയ കൂറ്റന്‍ വാട്ടര്‍ ടാങ്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ലൈന്‍ ഇടാന്‍ തുടങ്ങിയതാണ് ആദ്യം റോഡ് നവീകരണത്തെ തടസ്സപ്പെടുത്തിയതെങ്കില്‍ ജെ.സി.ബി ഉപയോഗിച്ച് റോഡ് നിരപ്പാക്കാന്‍ ആരംഭിച്ചതോടെ ജല വിതരണ പൈപ്പുകള്‍ അവിടവിടെ പൊട്ടി. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇഴയാന്‍ തുടങ്ങി. ഇതാണ് പ്രദേശ വാസികള്‍ക്ക് ഇരുട്ടടിയായത്.
ഇത് പരഹരിക്കാന്‍ റോഡില്‍ എവിടെയാക്കെ കുടിവെള്ള പൈപ്പുകളുണ്ടെന്ന പറയേണ്ട ജല അതോറിറ്റി വിഭാഗം കൈ മലര്‍ത്തിയതോടെ റോഡ് പണിയേറ്റെടുത്ത കരാറുകാരനും വെട്ടിലായി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ കീഴിലുള്ള റോഡായിട്ടും വകുപ്പുകള്‍ തമ്മില്‍ ഒരു ഏകീകരണ മുണ്ടാക്കി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാകാതെ വന്നതോടെ കുടുങ്ങിയത് ജനമാണ്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ചെമ്മണ്ണ് നിറഞ്ഞ പാതയായതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വലിയ തോതിലാണ് ചെമ്മണ്ണ് പൊടി പറന്നു പൊങ്ങുന്നത്. സമീപത്തെ വീടുകളും വീടുകളില്‍ നിറുത്തിയിടുന്ന വാഹനങ്ങളും വൃക്ഷങ്ങളുമൊക്കെ വേണ്ട ചെമ്മണ്ണില്‍ മൂടിയാണ് നില്‍ക്കുന്നത്. ഈ റോഡിന്റെ ഇരുവശവും താമസിക്കുന്നവരും ഇതുവഴി സഞ്ചരിക്കുന്നവരുമായ കുട്ടികളും പ്രായമുള്ളവരും മാത്രമല്ല യുവാക്കളും ശ്വാസകോശ രോഗങ്ങളുടെ പിടിയിലാണ്. പൊട്ടിയ പൈപ്പുകള്‍ ശരിയാക്കാന്‍ എടുത്ത കുഴികള്‍ പോലും നികത്താതെ ഇട്ടിരിക്കുന്നതിനാല്‍ വലിയ അപകട ഭീഷണിയിലാണ് പ്രദേശ വാസികള്‍.നിലവില്‍ കാല്‍ നടപോലും അസാദ്ധ്യമായ റോഡ് മഴ പെയ്താല്‍ ചെളിക്കുളമായി മാറും. ചെളിയാകുന്നതോടെ കാല്‍ നടയാത്രക്കാരം ഇരു ചക്ര വാഹനങ്ങളും തെന്നി വീഴുന്നത് മഴയത്ത് പതിവാണ്. നിലവില്‍ ഒരു വശത്ത് ഓടയുള്ള റോഡിന്റെ മറുവശം ഉയരം കൂടിയ പ്രദേശമാണ്. റോഡ് നവീകരിക്കുമ്പോള്‍ ഇരുവശവും ഓട നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ഒരു വശം ഉയര്‍ന്ന റോഡിലൂടെ കുത്തിയൊലിച്ചെത്തുന്ന മഴ വെള്ളം റോഡിനെ ക്രമേണ തകര്‍ക്കും. വളരെ ചെറിയ ദൂരമായിട്ടും നിര്‍മാണ പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണെന്നും കുററക്കാര്‍ക്കെതിരേ നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ജനജീവിതം ദുസഹമാക്കി ജനങ്ങളെ രോഗാതുരമാക്കുന്ന റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിഷേധ സമരത്തിനുള്ള തയാറെടുപ്പിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."