സമന്വയ വിദ്യാഭ്യാസത്തിന്റെ പുതുവിചാരധാര
വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ടുകള്‍ പിന്നിടുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ. പറയാന്‍ നേട്ടങ്ങളുടെ കഥകള്‍ മാത്രം. മനസ്സില്‍ താലോലിക്കാന്‍ അഭിമാനവും ചാരിതാര്‍ഥ്യവുമല്ലാതെ മറ്റൊന്നുമില്ല. സര്‍വ ശക്തന് നിറഞ്ഞ സ്തുതി..!
ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ വൈജ്ഞാനിക മേഖലയോടൊപ്പം പൊതുസമൂഹം ദ്രുതഗതിയില്‍ മുന്നേറിയപ്പോള്‍ പല കാരണങ്ങളാല്‍ അമാന്തിച്ചു നില്‍ക്കേണ്ട ഗതികേടിലായിരുന്നു മുസ്‌ലിം സമുദായം. അറബിപ്പൊന്ന് സ്വപ്നം കണ്ട് ഗള്‍ഫു നാടുകളിലേക്ക് ചേക്കേറിയവരില്‍ മുസ്‌ലിംകള്‍ കൂടുതലായിരുന്നെങ്കിലും സമൂഹത്തിലെ ഉന്നത ശീര്‍ഷരായ പണ്ഡിതര്‍ക്ക് പോലും അര്‍ഹിക്കുന്ന തൊഴിലവസരങ്ങളോ വേതനമോ ലഭിച്ചിരുന്നില്ല. ഈ ശുഷ്‌കമായ സാഹചര്യത്തില്‍ സാമൂഹിക ജീര്‍ണതയ്ക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം പ്രവാസി മലയാളികള്‍ അബൂദബിയിലെ ലത്വീഫ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ 1983 നവംബര്‍ 11ന് മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഒരുമിച്ചു കൂടി. ആദ്യമായി ഈ ചിന്ത കെ.കെ അബൂബക്കര്‍ ഹസ്രത്തിന്റെ മുന്നിലാണ് അവതരിപ്പിച്ചത്. ഹസ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് കെ.ടി ഉസ്താദ് അധ്യക്ഷത വഹിച്ചത്. കേരളീയ ഇസ്‌ലാമിക ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന ഒരു സ്ഥാപനം മലപ്പുറം ജില്ലയില്‍ വേണമെന്ന ചിന്തയില്‍ കെ.വി ഹംസ മൗലവി (പ്രസിഡന്റ്), കാളാവ് സൈതലവി മുസ്‌ലിയാര്‍ (സെക്രട്ടറി), തച്ചറക്കല്‍ ഇബ്രാഹീം ഹാജി (ട്രഷറര്‍) എന്നിവരെ മുഖ്യ ഭാരവാഹികളാക്കി മര്‍കസിന്റെ പ്രഥമ കമ്മിറ്റി രൂപീകരിച്ചു.
1984 ഏപ്രില്‍ 19 ന് നാട്ടിലെ കമ്മിറ്റി രൂപീകരിക്കാനായി വളാഞ്ചേരി ബുസ്താനുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്ന യോഗത്തിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്), കെ.കെ അബൂബക്കര്‍ ഹസ്രത്ത് (വൈസ് പ്രസിഡന്റ് ), കെ.ടി കുഞ്ഞുട്ടി ഹാജി (ജനറല്‍ സെക്രട്ടറി), മാരാത്ത് ചെറിയ അബ്ദു ഹാജി (ട്രഷറര്‍) എന്നിവരെ മുഖ്യ കാര്‍മികരാക്കിയുള്ള 33 അംഗ കമ്മിറ്റിയെ നിയോഗിക്കുന്നത്. ആധികാരികതയ്ക്കു വേണ്ടി കെ.കെ ഉസ്താദിനെ പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ണയിക്കുകയായിരുന്നു. സമീപ ഭാവിയില്‍ സമന്വയത്തിന്റെ പര്യായമായി മാറാന്‍ പോകുന്ന വൈജ്ഞാനിക സമുച്ചയം സ്ഥാപിക്കാനുള്ള ഭൂമി അന്വേഷിക്കലായിരുന്നു അടുത്ത ദൗത്യം. പലയിടങ്ങളിലായി അന്വേഷിച്ചെങ്കിലും അതിനുള്ള ഭാഗ്യം സിദ്ധിച്ചത് മാമ്പാറക്കുന്നിനായിരുന്നു. വന്ദ്യരായ കെ.കെ ഹസ്രത്തിന്റെ രണ്ടു മാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങി കോട്ടുമല ഉസ്താദിന്റെ കരങ്ങളാല്‍ മാരാത്ത് വലിയ അബ്ദു ഹാജിയില്‍ നിന്നു വില നിശ്ചയിച്ചെടുത്ത 12 ഏക്കര്‍ ഭൂമിയില്‍ പിന്നീട് ഘട്ടങ്ങളായി പല തുണ്ടുകള്‍ ചേര്‍ന്നാണ് ഇന്ന് പ്രവിശാലമായ 32 ഏക്കറില്‍ പരന്ന് കിടക്കുന്ന കലാലയം രൂപം കൊണ്ടത്. 1985 ജനുവരി 25ന് കേരളത്തിലെ ഭൂരിപക്ഷ ഉലമാ, ഉമറാക്കളുടെ സാന്നിധ്യത്തില്‍ യു.എ.ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അബ്ദു റഹ്മാന്‍ അല്‍ ഹാശിമി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചു.
മര്‍കസ് എന്ന ആശയം ഉരുത്തിരിഞ്ഞ് വന്ന കാലത്ത് ഞങ്ങളുടെ ആസൂത്രണത്തില്‍പെട്ട ആദ്യസ്ഥാപനം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജായിരുന്നു. ഖുര്‍ആനും ഹദീസും മനഃപാഠമില്ലാത്തത് കേരളീയ പണ്ഡിതര്‍ക്ക് ഒരു വലിയ കുറവായി മുഴച്ചുനിന്നിരുന്നു. അതിനുള്ള പരിഹാരമെന്നോണം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് സ്ഥാപിച്ചു. അഗതി അനാഥ മന്ദിരമായിരുന്നു അടുത്ത ഉന്നം. അനാഥര്‍ക്ക് പുറമെ പാവപ്പെട്ടവര്‍ക്ക് കൂടി സംരക്ഷണം നല്‍കുന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. 1500 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമാകുന്ന തരത്തില്‍ ഗാനിം ഫാരിസ് അല്‍ മസ്‌റൂഈ എന്ന അറബി സുഹൃത്ത് നിര്‍മിച്ചു നല്‍കിയ മസ്ജിദ് ഉമറുല്‍ ഫാറൂഖില്‍ ഇന്ന് 4,000 ത്തോളം പേര്‍ക്ക് നിസ്‌കാര സൗകര്യമുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു തൊഴില്‍ പരിശീലന കേന്ദ്രം എന്ന പ്രധാന സ്വപ്നം പൂര്‍ത്തിയാക്കി. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ എന്നീ മൂന്ന് തലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും തത്തുല്യ മദ്‌റസാ വിദ്യാഭ്യാസവും താമസ സൗകര്യവും നല്‍കുക എന്ന ഉദ്ദേശത്തില്‍ ഹൈസ്‌കൂളും ബോര്‍ഡിങ് മദ്‌റസയും നിര്‍മിച്ചു. പ്രസ്തുത സ്‌കൂള്‍ വൈകാതെ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കുയര്‍ത്തിയപ്പോള്‍ ആദ്യ പ്രധാന അധ്യാപകന്‍ അബ്ദുസ്സമദ് സമദാനിയായിരുന്നു.
നിലവില്‍ മര്‍കസിന്റെ പ്രധാന ആകര്‍ഷണമായ അറബിക് കോളജ് ജാമിഅ നൂരിയ്യയൂടെ പോഷക സ്ഥാപനമായിട്ടായിരുന്നു തുടങ്ങിയത്. സി.കെ അബ്ദു മുസ്‌ലിയാര്‍ വാളക്കുളം, പി.പി മുഹമ്മദ് ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, കോണോംപാറ അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സ്ഥാപന മേധാവികളായിരുന്നു. 1992ല്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സ്ഥാനമേറ്റ ശേഷമാണ് 'വാഫി' അരങ്ങേറ്റം കുറിക്കുന്നത്. 226 സീറ്റുകളുടെ ലഭ്യതയില്‍ ബി.എഡ് കോളജും ട്രൈനിങ് കോളജും നിലവില്‍ വന്നു. മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്ന ആശയം മുന്നോട്ട് വച്ചത് കെ.ടി കുഞ്ഞുട്ടി ഹാജിയായിരുന്നു. 2008 ല്‍ സ്ത്രീവിദ്യാഭ്യാസ രംഗത്ത് മാതൃകയായി വഫിയ്യ കോളജും സ്ഥാപിതമായി. കേരളത്തിനകത്തും പുറത്തുമായി 45 വാഫീ കോളജുകളും 23 വഫിയ്യ കോളജുകളും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. കാലാന്തരത്തില്‍ കേരളത്തിലെ ഏറ്റവും ബൃഹത്തായ മതഭൗതിക കലാലയമായി മാറി നമ്മുടെ മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ.
വിജ്ഞാന പ്രയാണത്തിന്റെ മുപ്പത് സംവത്സരങ്ങളില്‍ താങ്ങും തണലുമായി നിന്ന, വീഴാതെ കൈപിടിച്ചുയര്‍ത്തിയ ഒരുപാട് പേരുണ്ട്. അവരെയെല്ലാം നന്ദി പൂര്‍വം സ്മരിക്കുന്നു. വാഫി സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ആധിക്യം കാരണം പി.ജി ക്ക് സീറ്റ് തികയാതെ വന്നപ്പോള്‍ സമുദായ സ്‌നേഹിയും ഉദാരമതിയുമായ ബാപ്പു ഹാജി ദാനമായി നല്‍കിയ 15 ഏക്കര്‍ ഭൂമിയില്‍ കാളികാവ് വാഫി കാംപസ് നിര്‍മിക്കാന്‍ ഇത്രവേഗം കഴിഞ്ഞത് പാണക്കാട് സയ്യിദ് ഹൈദര്‍ അലി തങ്ങളുടെ നിതാന്ത ജാഗ്രതയും നിരന്തര സഹകരണവും കൊണ്ടാണ്.
മറഞ്ഞുപോയവരുടെ പ്രാര്‍ഥനയും ചുറ്റുമുള്ളവരുടെ സ്‌നേഹവും സഹകരണവുമാണ് മുന്നോട്ട് ഗമിക്കാനുള്ള പാഥേയം. പടച്ചവന്റെ തൗഫീഖോടെ പാണക്കാട്ടെ കുടുംബത്തിന്റെ തണല്‍ ലഭിക്കുന്ന കാലത്തോളം മര്‍ക്കസ് ഇനിയും സധൈര്യം മുന്നോട്ട് കുതിക്കും ഇന്‍ശാ അല്ലാഹ് !
ഇന്ന് മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ കര്‍മസാഫല്യത്തിന്റെ നിറവിലാണ്. ഒട്ടേറെ സ്വപ്ന പദ്ധതികളുടെ സാക്ഷാത്കാരത്തിനാണ് 30ാം വാര്‍ഷിക സനദ് ദാന മെഗാ സമ്മേളനം വേദിയാകുന്നത്. മത, ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ച് കാലത്തിനൊത്ത ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാപ്തരായ 400 ഓളം വാഫി പണ്ഡിതര്‍ക്കും, തുല്യതയില്ലാത്ത വഫിയ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയ 120 തോളം പണ്ഡിതവനിതകള്‍ക്കുംഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനോടൊപ്പം എസ്.എസ്.എല്‍.സി പാസായ 50 ഓളം ഹാഫിളീങ്ങള്‍ക്കും ബിരുദദാനവും ലോകോത്തര സര്‍വകലാശാലകളില്‍ നിന്നു ഡോക്ടറേറ്റ് നേടിയ മര്‍കസിന്റെ 13 സന്തതികള്‍ക്കുള്ള ആദരവും നടത്തുമ്പോള്‍ ചരിത്രത്തിലെ അപൂര്‍വ നിമിഷങ്ങള്‍ക്ക് സമുദായം ഒന്നടങ്കം സാക്ഷ്യം വഹിക്കുകയാണ്.
ഒന്‍പത് ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഉള്‍പ്പെടുത്തി നവീകരിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പി.ജി ബ്ലോക്ക് ഉദ്ഘാടനം, 1200 പേര്‍ക്ക് സൗകര്യമുള്ള മര്‍ഹൂം എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനം, 100 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാവുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിന്റെ പുതിയ കെട്ടിടോദ്ഘാടനം, വഫിയ്യ ഡേ കോളജ് ശിലാസ്ഥാപനം, പുതുക്കിപ്പണിത കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് ഉദ്ഘാടനം, മസ്ജിദ് ഉമറുല്‍ ഫാറൂഖ് പുനരുദ്ധാരണം, ന്യൂ മെസ്സ് ബ്ലോക്ക് ഉദ്ഘാടനം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ക്ക് സമുദായ സ്‌നേഹികളുടെ സാന്നിധ്യവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് ആരംഭം കുറിക്കുകയാണ്. ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ പൂവണിയാനുണ്ട്. വൈജ്ഞാനിക വിപ്ലവത്തിന്റെ വീഥിയില്‍ നമുക്ക് കൂട്ടായി മുന്നേറാം.
( മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."