ദുര്‍മന്ത്രവാദിനിയെന്ന് ആരോപണം; ആഗ്രയില്‍ വൃദ്ധയെ മര്‍ദിച്ച് കൊലപ്പെടുത്തി
ആഗ്ര: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി മുറിക്കുന്നതുസംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനിടയില്‍ ഇതിനുപിന്നില്‍ ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് 60കാരിയായ വൃദ്ധയെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഹരിയാന, രാജസ്ഥാന്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് സ്ത്രീകളുടെ മുടി മുറിച്ചുമാറ്റപ്പെടുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനുപിന്നില്‍ ദുര്‍മന്ത്രവാദിയാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. അതിനിടയിലാണ് ആഗ്രക്കടുത്ത് മാന്ദേവിയെന്ന വൃദ്ധയെ ഒരുകൂട്ടം സവര്‍ണ സമുദായക്കാര്‍ സംഘടിച്ചെത്തി കൊലപ്പെടുത്തിയത്. അതേസമയം സവര്‍ണരുടെ ഗ്രാമത്തില്‍ പ്രവേശിച്ചതാണ് ദലിത് സ്ത്രീയെ ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് കൊലപ്പെടുത്താന്‍ കാരണമെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദലിതുകള്‍ക്കെതിരായ ആക്രമണമായിട്ടാണ് സംഭവത്തെ വിലയിരുത്തേണ്ടതെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥനായ ഡോ. തേജ് വീര്‍ സിങ് അറിയിച്ചു.
മാന്ദേവിയെ കൊലപ്പെടുത്തിയത് ഭാഗല്‍ സമുദായക്കാരാണെന്ന് മക്കള്‍ ആരോപിച്ചു. അക്രമികളെ ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."