വഴിയോരത്തെ തണല്‍മരങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ നടപടിവേണമെന്ന്
പട്ടാമ്പി: വഴിയോരങ്ങളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളെ തീയിട്ടും രാസവസ്തുക്കള്‍ ഒഴിച്ചും തോല്‍ ചീന്തിയെടുത്തും നശിപ്പിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്ന ആവശ്യം ശക്തം. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ സഹകരണത്തില്‍ പ്രദേശത്തെ പരിസ്ഥിതി സ്‌നേഹികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നട്ടുവളര്‍ത്തിയ വന്‍മരങ്ങളാണ് നശിപ്പിക്കുന്നത്. പട്ടാമ്പിമുതല്‍ ജില്ലാ അതിര്‍ത്തിയായ തണത്തറപാലം വരെയുള്ള പാതയോരങ്ങള്‍ ഹരിതാഭമാക്കിയുള്ള മരങ്ങളാണ് നിലവിലുള്ളത്. വേനലില്‍ വാഹനങ്ങളില്‍ വെള്ളമെത്തിച്ചും മരത്തൈകള്‍ക്ക് ഇരുമ്പുവേലി പണിതും വളര്‍ത്തിയെടുത്ത തണല്‍മരങ്ങളെയാണ് ഉണക്കുന്നത്.
പട്ടാമ്പി-ഗുരുവായൂര്‍ പാതയോരത്ത് കൂട്ടുപാതയിലെ പാതയോരത്തുള്ള മാവിനും മട്ടിമരത്തൈയ്ക്കും ചുവട്ടില്‍ ചപ്പുചവറും പ്ലാസ്റ്റിക്കടക്കമുള്ള വസ്തുക്കളും കൊണ്ടുവന്നിട്ട് തീയിടലുകളും പതിവായിട്ടുണ്ട്. വാവന്നൂരിനടുത്ത് വലിയ മുത്തശ്ശിമാവിന്റെ ഒരുഭാഗത്തെ തോല്‍ മുഴുവനും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് അടര്‍ത്തിമാറ്റിയ അവസ്ഥയിലാണ്. മാവിന്റെ ചുവട്ടില്‍ വെള്ളനിറത്തിലുള്ള രാസവസ്തുക്കളും ഒഴിച്ചിട്ടുണ്ട്.
സമീപത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധവും ബന്ധപ്പെട്ടവരോട് മുറിച്ച് മാറ്റിയതിനെ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. വഴിയോരങ്ങളിലെ തണല്‍മരങ്ങള്‍ നട്ട് അഞ്ചുവര്‍ഷക്കാലം വനംവകുപ്പ് പ്രചരണങ്ങളും സംരക്ഷണവും നല്‍കും.
അതിനുശേഷം പൊതുമരാമത്ത് വകുപ്പും അതത് പാത കടന്നുപോകുന്നവഴി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളാണ് സംരക്ഷണം നല്‍കേണ്ടത്. പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ നശിപ്പിക്കുന്നതുമായുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി പൊലിസിന് കേസെടുക്കാനായി കൈമാറുമെന്ന് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചര്‍ ജിയാസ് ജമാലുദ്ദീന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."