ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; 790പേര്‍ക്ക് വോട്ടവകാശം
ന്യൂഡല്‍ഹി: 13ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നാളെ. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായിരുന്ന എം. വെങ്കയ്യനായിഡു ഭരണകക്ഷിയുടെയും മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണഗാന്ധി പ്രതിപക്ഷത്തിന്റെയും സ്ഥാനാര്‍ഥിയാണ്.
രാജ്യസഭയിലെ 233 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ലോക്‌സഭയിലെ 543 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രണ്ട് നോമിനേറ്റഡ് അംഗങ്ങളും ഉള്‍പ്പെടെ 790 പേര്‍ക്കാണ് വോട്ടവകാശമുള്ളത്.
ലോക്‌സഭയില്‍ മൂന്നിലൊന്ന് ഭൂരിപക്ഷമുള്ള ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സ്ഥാനാര്‍ഥി എത്ര വോട്ട് പിടിക്കുമെന്നതാണ് നാളത്തെ വോട്ടെടുപ്പില്‍ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് കഴിയുന്നതോടെ തന്നെ എണ്ണാനും തുടങ്ങും. വൈകാതെ ഫലവും അറിയും. നിലവിലെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ കാലാവധി ഈ മാസം 10ന് അവസാനിക്കുകയാണ്.
രാജ്യസഭയില്‍ 76 അംഗങ്ങളാണ് ഭരണമുന്നണിയായ എന്‍.ഡി.എക്കുള്ളത്. യു.പി.എയുടെ 63 അംഗങ്ങള്‍ കൂടി ചേര്‍ത്ത് 143 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്. അടുത്തിടെ ബി.ജെ.പി പക്ഷത്തെത്തിയ ജെ.ഡി.യു ഇല്ലെങ്കിലും ലോക്‌സഭയില്‍ എന്‍.ഡി.എക്ക് 338 പേരുടെ അംഗബലമുണ്ട്. 49 എം.പിമാര്‍ മാത്രമാണ് അധോസഭയായ ലോക്‌സഭയില്‍ യു.പി.എയ്ക്കുള്ളത്.
പ്രതിപക്ഷനിരയിലെ മറ്റൊരുപ്രബലപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് 34ഉം സി.പി.എമ്മിന് ഒന്‍പതും അംഗങ്ങളുണ്ട്. 37 അംഗങ്ങളുള്ള അണ്ണാ ഡി.എം.കെ വെങ്കയ്യനാഡിയുവിനു പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷസ്ഥാനാര്‍ഥിക്കു വോട്ട്‌ചെയ്യുമെന്നു നേരത്തെ ജെ.ഡി.യു അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കായിരുന്നു ജെ.ഡി.യുവിന്റെ പിന്തുണ. ലോക്‌സഭയില്‍ രണ്ടും രാജ്യസഭയില്‍ പത്തും ഉള്‍പ്പെടെ 12 അംഗങ്ങളാണ് ജെ.ഡി.യുവിനുള്ളത്. ആംആദ്മി പാര്‍ട്ടിയും ഗോപാല്‍കൃഷ്ണ ഗാന്ധിയ്ക്കാവും വോട്ട് ചെയ്യുക. പാര്‍ട്ടിയ്ക്ക് ലോക്‌സഭയില്‍ നാലംഗങ്ങളുണ്ടെങ്കിലും രണ്ടംഗങ്ങള്‍ പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. രാജ്യസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് അംഗങ്ങളില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട്‌ചെയ്യാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
രാജ്യസഭാ സെക്രട്ടറി ജനറല്‍ ശംസീര്‍ കെ. ശരീഫ് ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫിസര്‍. പാര്‍ലമെന്റിനുള്ളില്‍ രഹസ്യബാലറ്റ് ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് മാതൃകയില്‍ വോട്ട് ചെയ്യാന്‍ അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക മഷിയുള്ള പേനയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."