കെ- ടെറ്റ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധന പരീക്ഷകള്‍ ഓഗസ്റ്റ് 12,19 തിയതികളില്‍
ചെറുവത്തൂര്‍: അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷയുടെ (കെ- ടെറ്റ്) അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 24,515 അപേക്ഷകര്‍ ഇത്തവണ കൂടുതലാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള പി.എസ്.സി പരീക്ഷാ വിജ്ഞാപനങ്ങളില്‍ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയതും എയ്ഡഡ് അധ്യാപകര്‍ക്ക് ടെറ്റ് യോഗ്യത നേടുന്നതിനു അനുവദിച്ച ഇളവ് അവസാനിക്കാറായതുമാണ് അപേക്ഷകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
കഴിഞ്ഞ തവണ നാല് വിഭാഗങ്ങളിലായി 40000 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 64,515 ആയി. കാറ്റഗറി ഒന്ന് 22,276, കാറ്റഗറി രണ്ട് 22,801, കാറ്റഗറി മൂന്ന് 26,614, കാറ്റഗറി നാല് 7488 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഭാഷാ സ്‌പെഷലിസ്റ്റ് എന്നിങ്ങനെയാണ് നാല് വിഭാഗങ്ങള്‍. 2012 ല്‍ ആദ്യമായി ടെറ്റ് പരീക്ഷ നടന്നപ്പോള്‍ 1,61,861 പേരാണ് പരീക്ഷ എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
2015ല്‍ കേവലം 27,512 പേര്‍ പരീക്ഷ എഴുതുന്ന സാഹചര്യവുമുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ ടെറ്റ് വിജയശതമാനം നന്നേ കുറവായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് നിരവധി പരിശീലന കേന്ദ്രങ്ങളും ഇത്തവണ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2012 മാര്‍ച്ച് 31 നു ശേഷം എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമിതരായവര്‍ക്ക് 2018 മാര്‍ച്ച് വരെയാണ് ടെറ്റ് യോഗ്യത നേടുന്നതില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.
പരീക്ഷയില്‍ യോഗ്യത നേടുന്നതിനുള്ള മാര്‍ക്കുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ അടുത്തിടെ പരിഹരിച്ചിരുന്നു.
150 മാര്‍ക്കിന്റെ പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ 90 മാര്‍ക്കും, എസ്.സി, എസ്.ടി, ഒബിസി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 82 മാര്‍ക്കും നേടിയാല്‍ യോഗ്യത ലഭിക്കും.
ഭിന്നശേഷിക്കാര്‍ക്ക് 75 മാര്‍ക്ക് മതി. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ ഓഗസ്റ്റ് 12 നും, കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ഓഗസ്റ്റ് 19 നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."