എക്‌സല്‍ ഗ്ലാസസ് ഉടന്‍ തുറക്കണമെന്ന് സര്‍ക്കാര്‍ എക്‌സല്‍ ഗ്ലാസസ് ഉടന്‍ തുറക്കണമെന്ന് സര്‍ക്കാര്‍
മണ്ണഞ്ചേരി: അടഞ്ഞു കിടക്കുന്ന വ്യവസായശാല തുറക്കാന്‍ മന്ത്രിയുടെ അന്ത്യശാസനം. പാതിരപ്പള്ളി എക്‌സല്‍ ഗ്ലാസസ് ഉടന്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്പനി മാനേജ്‌മെന്റിനോടാണ് ധനമന്ത്രി തോമസ് ഐസക് കര്‍ശന നിര്‍ദേശം നല്‍കിയത്.
എക്‌സല്‍ ഗ്ലാസസിലെ മാനേജ്‌മെന്റ് ചുമതലക്കാരാനായ വേണുഗോപാലിലെ ആലപ്പുഴ ബീച്ചിലെ ഗവ: ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തിയാണ് മന്ത്രി നിലപാട് അറിയിച്ചത്. ഇനിയും പ്രവര്‍ത്തനം തുടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ കേരളാ സ്പിന്നേഴ്‌സ് മോഡലില്‍ സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണയായി എട്ടു വര്‍ഷക്കാലത്തിലേറെയാണ് ഈ സ്ഥാപനം മാനേജ്‌മെന്റ് അന്യായമായി അടച്ചു പൂട്ടിയിട്ടത്. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ നിര്‍ദേശ പ്രകാരം 14.5 കോടി രൂപ സര്‍ക്കാര്‍ വായ്പ നല്‍കിയിരുന്നു. സംസ്ഥാനത്ത് വ്യവസായങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ ധനകാര്യ ഏജന്‍സികളായ കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും ചേര്‍ന്നായിരുന്നു ഇത്രയും തുക വായ്പ നല്‍കിയത്. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 18 മാസങ്ങള്‍ക്കു ശേഷം വീണ്ടും എക്‌സലിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് കരാര്‍ ഉണ്ടാക്കിയായിരുന്നു സ്ഥാപനത്തിലെ ഫര്‍ണസ് അന്ന് ചോര്‍ത്തി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. എന്നാല്‍ മൂന്നര വര്‍ഷം പിന്നിട്ടിട്ടും ഈ വ്യവസായശാലയില്‍ ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ മാനേജ്‌മെന്റെ് തയ്യാറാകാതെ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് സ്ഥലം എം.എല്‍.എകൂടിയായ ഡോ. ടി.എം തോമസ് ഐസക്കിന്റെ ഇടപെടല്‍. കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ തയ്യാറാണെന്ന് ബോധ്യമായാല്‍ സര്‍ക്കാരിന് നല്‍കാനുള്ള സാമ്പത്തികമായ കുടിശികകള്‍ക്ക് പരിഹാരം നല്‍കാമെന്നും ധനമന്ത്രി സൂചിപ്പിച്ചതായും അറിയുന്നു. 1974 ല്‍ ടി.വി തോമസ് കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ സിനിമാ വ്യവസായിയായ കുഞ്ചാക്കോയാണ് സ്ഥാപനം തുങ്ങിയത്. ആന്ന് ഏഷ്യയില്‍ തന്നെ ശ്രദ്ധേയമായ ഗ്ലാസ് വ്യവസായശാലയായി എക്‌സല്‍ ഉയര്‍ന്നിരുന്നു.
ജപ്പാന്റെ സാങ്കേതികമായ സഹായ സഹകരണത്തോടെയാണ് സ്ഥാപനം അക്കാലത്ത് ആരംഭിച്ചത്. സ്ഥാപനം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം അടഞ്ഞു കിടന്ന കാലയളവിനുള്ളില്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ പിരിഞ്ഞു പോയി. എന്നാല്‍ ഇത്തരക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളൊന്നും അധികൃര്‍ ഇതുവരെ നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല. 278 പേര്‍ക്ക് ഇപ്പോള്‍ റിട്ടേയര്‍മെന്റ് ആനുകൂല്യങ്ങള്‍ എക്‌സല്‍ മാനേജ്‌മെന്റ് നല്‍കാനുണ്ട്. ഇത്തരക്കാരില്‍ 19 ഓളം പേര്‍ മരണമടയുകയും ചെയ്തു. സ്ഥാപനം അവസാനമായി അടയുമ്പോള്‍ 1200 തൊഴിലാളികള്‍ എക്‌സലിലും അനുബന്ധ യൂനിറ്റിലുമായി ജോലി ചെയ്തിരിന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സല്‍ ഗ്ലാസസ് മണ്ഡലത്തില്‍ പ്രധാന പ്രചരണ വിഷയമായിരുന്നു. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സ്ഥാപനം സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കുമെന്ന് പ്രചരണ യോഗങ്ങളിലെല്ലാം ഐസക്ക് ഉറപ്പു നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശം കമ്പനി എം.ഡി പ്രശാന്ത് സോമാനിയയെ ഇന്നലെ തന്നെ അറിയിച്ചു. ധനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സോമാനിയ ഗ്രൂപ്പ് സമയം ചോദിച്ചതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."