നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡി.ഐ.ജിക്ക് താക്കീത്
തിരുവനന്തപുരം: സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡി.ഐ.ജിക്ക് താക്കീത്.
ജയില്‍ വകുപ്പിലെ ദക്ഷിണ മേഖലാ ഡി.ഐ.ജി ബി. പ്രദീപിനെയാണ് താക്കീത് ചെയ്തത്. ഐ.ജി ഗോപകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്. ശ്രീലേഖയാണ് താക്കീത് ചെയ്തത്.
നടിക്കൊപ്പം കഴിഞ്ഞ മാര്‍ച്ച് 17ന് പത്തനംതിട്ടയിലേക്കും തുടര്‍ന്ന് മറ്റിടങ്ങളിലേക്കും യാത്ര ചെയ്തെന്ന പരാതി ജയില്‍ ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ചിരുന്നു.
തുടര്‍ന്ന് ജയില്‍ മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഐ.ജി ഗോപകുമാറിനെ കൂടുതല്‍ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
അന്വേഷണത്തില്‍ ഡി.ഐ.ജി നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. വാഹനത്തില്‍ നടിയുടെ പിതാവും ഉണ്ടായിരുന്നുവെന്നുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി താക്കീതില്‍ ഒതുക്കിയത്. പത്തനംതിട്ട ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിന് ബന്ധുവായ നടിയെയും പിതാവിനെയും ഔദ്യോഗിക വാഹനത്തില്‍ എത്തിച്ചതായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ, ഐ.ജി ഗോപകുമാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരിമറി കാട്ടിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."