'പപ്പു'വല്ല, കരുത്തനെന്ന് തെളിയിച്ച് രാഹുല്‍; കോണ്‍ഗ്രസ് അധ്യക്ഷന് ഇത് 'ഒന്നാം പിറന്നാള്‍' സമ്മാനം
ന്യൂഡല്‍ഹി: ലോക്‌സഭയുടെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ പപ്പുവെന്ന് വിളിച്ച് കളിയാക്കിയവര്‍ക്കു മുന്നില്‍ കരുത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഒരാണ്ട് പൂര്‍ത്തിയാക്കുന്ന ഈ യുവനേതാവിന് ഒന്നാം പിറന്നാളിന് ലഭിക്കുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് ഈ മുന്നേറ്റം.
രാഹുലിന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ ഫലമായാണ് ഇതിനെ എല്ലാവരും വിലയിരുത്തുന്നത്. സോണിയാ ഗാന്ധിയുടെ പിന്‍മുറക്കാരനായി കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തുമ്പോള്‍ രാഹുലിനെ നോക്കി പലരും ചിരിച്ചു. പക്വതയില്ലാത്ത,വനെന്നും കഴിവ് തെളിയിച്ചിട്ടില്ലാത്തവനെന്നും അടക്കം പറഞ്ഞു. എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു പലപ്പോഴും അധിക്ഷേപങ്ങള്‍. എന്നാല്‍ അവക്കു മുന്നിലൊന്നും കുലുങ്ങിയില്ല ഈ ചെറുപ്പക്കാരന്‍. പരിഹാസശരങ്ങള്‍ക്ക അതേനാണയത്തില്‍ തിരിച്ചടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു രാഹുല്‍.
2017 ഡിസംബറില്‍ ഈ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മോദി പ്രഭാവത്തിന്റെ നിഴലില്‍ മറഞ്ഞുപോയ ഒരു പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഭാരിച്ച ചുമതല കൂടിയാണ് രാഹുല്‍ ചുമലിലേറ്റിയത്. ഒരുപക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവിന് ഇത്ര സമ്മര്‍ദം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല.
മോദിയെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു രാഹുലിന്റെ രീതി. റഫാലുള്‍പെടെയുള്ള അഴമതികള്‍ തുറന്നു കാട്ടി പ്രധാനമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്നായിരുന്നു ഉറക്കെ വിളിച്ചുപറഞ്ഞു. രാഹുലിന്റെ വാക്കുകളുടെ മുര്‍ച്ഛ അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ഞെട്ടിച്ചു.
വര്‍ഗീയരാഷ്ട്രീയത്തിനും 'പശു'രാഷ്ട്രീയത്തിനും ബദലായി മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന മുദ്രാവാക്യത്തോടെ രാഹുല്‍ ഗാന്ധി കളംനിറഞ്ഞു. അതേസമയം, കളത്തിനൊത്തു കളിക്കാനും രാഹുല്‍ മറന്നില്ല. താന്‍ ഒരു ശിവഭക്തനാണെന്നും കൈലാസമാണ് തന്റെ ജീവശ്വാസമെന്നും പറയുന്ന രാഹുല്‍ ഗാന്ധി അതാണ് കാണിച്ചത്.
എന്തൊക്കെയായാലും നേര്‍ക്കുനേര്‍ പോരാടിയ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനായത് രാഹുലിനും കോണ്‍ഗ്രസിനും പ്രതിപക്ഷ വിശാലതയ്ക്കും പകര്‍ന്നേകുന്ന ആത്മവിശ്വാസം ചെറുതല്ല. മോദിയുടെ എതിരാളിയാകാനുള്ള എല്ലാ ശേഷിയും തനിക്കുണ്ടെന്ന പ്രഖ്യാപനം കൂടിയാണിത്. നിറ ചിരിയോടെ രാഹുല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കുന്നോളം പ്രതീക്ഷയാണ് അത് രാജ്യത്തെ സാധാരണക്കാരനതുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."