വിനായകന്റെ മരണം സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും: ദേശീയ പട്ടികജാതി കമ്മിഷന്‍
തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ ആത്മഹത്യചെയ്ത ദലിത് യുവാവ് വിനായകന്റെ കുടുംബത്തിനുള്ള ധനസഹായം ഉടന്‍ നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍.
ധനസഹായ തുകയായ 4.12 ലക്ഷം രൂപ മൂന്നുദിവസത്തിനകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് വൈസ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. വിനായകന്റെ മരണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലിസിനോടും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതിക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദാംശവും രാമനിലയം ഗസ്റ്റ്ഹൗസില്‍ നടത്തിയ യോഗത്തില്‍ കമ്മിഷന്‍ ആരാഞ്ഞു. വിനായകന്റെ രക്ഷിതാക്കള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിനായകനെ പൊലിസ് സ്റ്റേഷനില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍ കമ്മിഷനെ അറിയിച്ചു. ദലിത്, പട്ടികജാതി വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ വിശദീകരിച്ചു. കമ്മിഷന്‍ ദക്ഷിണമേഖലാ ഡയരക്ടര്‍ മതിയഴകന്‍, ആര്‍.ഡി.ഒ കെ. അജീഷ്, ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേയ്മസ് വര്‍ഗീസ്, ക്രൈംബ്രാഞ്ച് എ.സി.പി എം.കെ ഗോപാലകൃഷ്ണന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ (ഇന്‍ചാര്‍ജ്) അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കമ്മിഷന്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു. മരണത്തെക്കുറിച്ച് കമ്മിഷന്‍ സ്വമേധയാ അന്വേഷണം നടത്തും. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരേ പീഡനമോ അധിക്ഷേപമോ ഉണ്ടായാല്‍ നോക്കിനില്‍ക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."