കുപ്രസിദ്ധ അമ്പല മോഷ്ടാവ് വിഗ്രഹം മണിയും കൂട്ടാളിയും പിടിയില്‍
കഠിനംകുളം: കുപ്രസിദ്ധ അമ്പലമോഷ്ടാവ് അമ്പലം മണിയനെയും കൂട്ടാളിയെയും കഴക്കൂട്ടം പൊലിസും സിറ്റി ഷാഡോ പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തു.
മാരായമുട്ടം മണലുവിള മേലെ പുത്തന്‍ വീട്ടില്‍ വിഗ്രഹം മണിയനെന്നും അമ്പലം മണിയന്‍ എന്നും വിളിക്കുന്ന മണിയന്‍ (57) ഇയാളുടെ കൂട്ടാളി നേമം മൊട്ടമൂട് വള്ളോട്ടുകോണം കുമാരന്‍ എന്നുവിളിക്കുന്ന കുമാര്‍ (46) എന്നിവരെയാണ് പിടികൂടിയത്. ഇപ്പോള്‍ വട്ടപ്പാറ കുറ്റിയാണിക്കു സമീപം വാടകക്ക് താമസിക്കുന്ന മണിയന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നതില്‍ കുപ്രസിദ്ധനാണെന്നു പൊലിസ് പറഞ്ഞു.
പൂജപ്പുര, മുടവന്‍ മുഗള്‍ ഊരൂട്ടു പറമ്പു ക്ഷേത്രം ,വിളപ്പില്‍ശാല വിട്ടിയം ദേവീക്ഷേത്രത്തിലെ സ്വര്‍ണ്ണതാലി സ്വര്‍ണപൊട്ടുകള്‍, പേയാട് മിണ്ണംകോട് ഭഗവതിക്ഷേത്രത്തില്‍ ദേവിയുടെ വിഗ്രഹത്തിലെ മുഖചാര്‍ത്ത്, പേയാട്
കുന്നുംപുറം ചെറ്റത്തേരി മഹാദേവ ക്ഷേത്രം, കാര്‍ത്തിക കുളം കല്ലുമുക്ക് കരിംകുളം കരിങ്കാളി ക്ഷേത്രം ,ഭദ്രകാളീക്ഷേത്രം ,നെയ്യാറ്റിന്‍കര തമ്പുരാന്‍ക്ഷേത്രം, നെടുമങ്ങാട് പൂവത്തൂര്‍ മാങ്കോട് ക്ഷേത്രം, എന്നിവിടങ്ങളില്‍ നിന്നും കാണിക്ക വഞ്ചി പൊളിച്ചു പണം കവര്‍ന്നതുള്‍പ്പെടെയുള്ള മോഷണങ്ങള്‍ ഇവരാണ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
മിന്നംകോട് ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന മുഖ ചാര്‍ത്ത് വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടയില്‍ കഴക്കൂട്ടം റയില്‍വെ സ്റ്റേഷന് സമീപത്തു നിന്നാണ് ഇവര്‍ പിടിയിലായത്. പിടിയിലായ കുമാരന്‍ കുപ്രസിദ്ധ മോഷ്ടാക്കളായ കുഞ്ഞുമോന്‍, ഷാജി, മനു ഗോപന്‍ എന്നിവരുമായി ചേര്‍ന്ന് കാര്‍ വാടകക്ക് വിളിച്ചു ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്തതുള്‍പ്പെടെയുള്ള നിരവധി കേസ്സുകളില്‍ പ്രതിയാണ്.
ഇരുപത്തിമൂന്നാം വയസ്സ്മുതല്‍ ക്ഷേത്രങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന മണിയന്‍ ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴായി പതിനഞ്ചു വര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ഇയാള്‍ വീണ്ടും മോഷണത്തില്‍ ഏര്‍പ്പെടും. ഒരിക്കല്‍ കയറുന്ന ക്ഷേത്രത്തില്‍ വീണ്ടുംകയറുന്നതു ഇയാളുടെ രീതിയാണ് .ഇത്തരത്തില്‍ അഞ്ചിലേറെ തവണ മോഷണം നടത്തിയ അമ്പലങ്ങളുമുണ്ട് .മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന അമ്പലങ്ങളുടെ അടുത്ത് കമ്പിപ്പാരയുമായി നേരത്തെ എത്തുന്ന ഇയാള്‍ ക്ഷേത്രങ്ങളുടെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലോ പുരയിടത്തിലോ ഒളിച്ചിരുന്ന ശേഷം വെളുപ്പിന് രണ്ടു മണിയോടെയാണ് മോഷണം നടത്തുന്നത്. ക്ഷേത്രങ്ങളുടെ ശ്രീകോവില്‍ കാണിക്കവഞ്ചിയുള്‍പ്പെടെ കുത്തിപൊളിക്കുന്ന ഇയാള്‍ കൈയില്‍ കിട്ടുന്നതെന്തും എടുക്കും. മോഷണത്തില്‍ നിന്നും വിറ്റുകിട്ടുന്ന തുക മദ്യപിക്കാനാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡി.സി.പി ശിവവിക്രം, കന്റോണ്‍മെന്റ് എ.സി സുരേഷ്‌കുമാര്‍, സൈബര്‍ സിറ്റി കഴക്കൂട്ടം ഏ സി പ്രമോദ് കുമാര്‍, കഴക്കൂട്ടം സി.ഐ. അജയകുമാര്‍ എസ് .ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."