ഗ്രഹങ്ങള്‍ക്ക് കാവലിരിക്കാന്‍ കരുത്തുണ്ടോ, 'നാസ'ക്ക് നിങ്ങളെ ആവശ്യമുണ്ട്
ലണ്ടന്‍: ഭൂമിയെ അപകടത്തിലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അന്യഗ്രഹജീവികളെ തുരത്താനുള്ള കരുത്തും ശേഷിയുമുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ ഒട്ടും വൈകിക്കേണ്ട. ഉടന്‍ അപേക്ഷിക്കുക. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഏജന്‍സിയായ നാസ ഭൂമിയെ കാക്കാന്‍ പ്ലാനറ്ററി പ്രോട്ടക്ഷന്‍ ഓഫിസര്‍മാരെ തേടുന്നുണ്ട്. അതും ചില്ലറ ശമ്പളമൊന്നുമല്ല, 124,406 ഡോളര്‍(ഏകദേശം 79,22,286 രൂപ) മുതല്‍ 1,87,000 ഡോളര്‍(1,19,08,328 രൂപ) വരെ വാര്‍ഷിക വരുമാനമാണ് നാസ വാഗ്ദാനം ചെയ്യുന്നത്.
ഭൂമിയെ വിനാശകാരികളായ അന്യഗ്രഹവസ്തുക്കളില്‍നിന്നു സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നാസ. അതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളെ തേടി ഏജന്‍സി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഭൂമിയെ അന്യഗ്രഹ മാലിന്യങ്ങളില്‍നിന്നു രക്ഷിക്കുകയാണു പ്രധാന ദൗത്യമെങ്കിലും മറ്റു ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും മലിനീകരിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളെ തടയുകയെന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയുണ്ടാകും ഈ തൊഴിലിന്.
ഗ്രഹങ്ങളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന അര്‍ഥത്തിലാണ് പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്ന പേരില്‍ ഇങ്ങനെയൊരു തസ്തിക നാസ സൃഷ്ടിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള വസ്തുക്കള്‍ കൊണ്ട് ബഹിരാകാശമോ മറ്റു ഗ്രഹങ്ങളോ മലിനമാക്കാന്‍ പാടില്ലെന്ന കൃത്യമായ നയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഏജന്‍സി പുതിയ ദൗത്യത്തിനൊരുങ്ങുന്നത്.
മൂന്നു വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ഥികളെ നിയമനം നടത്തുന്നത്. അതു പിന്നീട് അഞ്ചു വര്‍ഷമായി ദീര്‍ഘിപ്പിക്കാനുമിടയുണ്ട്. കാതറിന്‍ കോണ്‍ലി എന്ന ഒരു സ്ത്രീ 2014 മുതല്‍ ഈ ജോലി നിര്‍വഹിച്ചുപോരുന്നുണ്ട്. അവര്‍ മറ്റൊരു വിഭാഗത്തിലേക്ക് ജോലി മാറിപ്പോകുന്ന പശ്ചാത്തലത്തിലാണ് നാസ പുതിയ ഉദ്യോഗാര്‍ഥികളെ തേടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."