വസ്ത്രത്താല്‍ തിരിച്ചറിയപ്പെടുന്നവര്‍
അഭൂതപൂര്‍വ്വമായ സമരത്തിന് തന്നെയാണ് രാജ്യമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രാജ്യതലസ്ഥാനം മുതല്‍ രാജ്യത്തുടനീളമുള്ള കാംപസുകള്‍ നാളിത് വരെ നമ്മള്‍ കാണാത്ത സമരത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിന് മുന്‍പ്, ഇതിനോട് ഏതെങ്കിലും തരത്തില്‍ താരതമ്യപ്പെടുത്താവുന്ന തീക്ഷ്ണത കാംപസുകളില്‍ ദൃശ്യമായിട്ടുള്ളത് അടിയന്തരാവസ്ഥയുടെ ദശകത്തിലാണ്. പക്ഷെ അതുപോലും ഇത്ര സമഗ്രവും അടിത്തട്ടിനെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നില്ല.
എഴുപതുകളിലെ കേരളീയ കാംപസ് അന്തരീക്ഷത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഒരു അര്‍ധ ഫലിതം ഉണ്ട്. അന്ന് ക്ലാസുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗുരുവായ സച്ചിദാനന്ദന് കത്തെഴുതുന്നു. അതിന് സച്ചിദാനന്ദന്റെ മറുപടി പ്രഖ്യാതമാണ്: 'ഇപ്പോള്‍ നമ്മളാണ് തിളച്ച് മറിയുന്നത്, ലോകം തിളച്ചു മറിയുന്നില്ല, ലോകം തിളച്ചു മറിയുമ്പോള്‍ മാത്രം നമുക്ക് ക്ലാസുകള്‍ ഉപേക്ഷിക്കാം.' പക്ഷേ, എഴുപതുകളുടെ വിപ്ലവമല്ല 2019ലെ വിശ്വാസ തീവ്രത.
ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ലോകം തിളച്ചുമറിയുന്നത് നോക്കിനിന്നില്ല. അവര്‍ സ്വയം തിളച്ചു മറിയുകയും ചുറ്റുപാടുമുള്ള ലോകത്തെ തിളച്ചു മറിക്കുകയും ചെയ്യുന്നു. ജാമിഅ മാത്രമല്ല അലിഗഡും നമ്മുടെ ഫാറൂഖ് കോളജും വരെ തിളച്ചു മറിയുന്നുണ്ട്. ഇത്തരം തിളനിലകളെ വിശകലനം ചെയ്യാന്‍ നമ്മുടെ പതിവ് സെക്യുലര്‍ മാപിനികള്‍ പോരാതെ വരും. ജാമിഅയില്‍ സമരം ചെയ്യുന്ന ലദീദയോട് പിതാവ് പറയുന്നത് 'ഈമാന്‍ മുറുകെ പിടിക്കണം, അര്‍ഹമായ പ്രതിഫലം അല്ലാഹു തരു'മെന്നാണ്. അവിടെ തന്നെയുള്ള ഷെഹിനോട് സ്വന്തം ഉമ്മ പറയുന്നത് 'സമരരംഗത്ത് നിന്ന് മടങ്ങരുത്' എന്നാണ്.
അതുപോലെ പൊലിസിന് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുന്ന റെന്ന എന്ന വിദ്യാര്‍ഥിനിയെപ്പറ്റി ഭര്‍ത്താവ് പറയുന്നത് 'ഇതുപോലൊരു പങ്കാളിയെ കിട്ടിയത് അല്ലാഹുവിന്റെ അനുഗ്രഹം ആണെ'ന്നാണ്. ഇത്തരം പാരമ്പര്യങ്ങള്‍ ഇസ്‌ലാമിനെ സംബന്ധിച്ച് അന്യമല്ല. അതിന്റെ പാശ്ചാത്തലത്തില്‍ തന്നെ ഫൂക്കോയെ പോലുള്ളവര്‍, വിശ്വാസം ഒരു വിമോചക ശക്തിയായി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍, ഇതിനുമുന്‍പ് സംഭവിക്കാത്ത തീവ്രതയില്‍ അത് സംഭവിക്കുന്നു എന്നത് തന്നെയാണ് ഇത്തരം സമരങ്ങളുടെ സവിശേഷത. വിശ്വാസം, വിശ്വാസികള്‍, വിശ്വാസ ചിഹ്നങ്ങള്‍ തന്നെയാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍, അതിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെയാണ്. അദ്ദേഹം പറയുന്നത് 'അക്രമം നടത്തുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്താല്‍ തിരിച്ചറിയാ'മെന്നാണ്. ഇവിടെ അക്രമം നടത്തുന്നത് ആരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതേസമയം, കാര്യം പറഞ്ഞത് നരേന്ദ്ര മോദിയാണെങ്കിലും അംഗീകരിക്കാതിരിക്കാനാവില്ല. നീതിക്ക് എതിരായ ഈ വിപ്ലവം നടത്തുന്നത് 'വസ്ത്രത്താല്‍ തിരിച്ചറിയപ്പെടുന്നവര്‍' തന്നെയാണ്. ഇതുപോലൊരു കാലത്തും അഭിമാനപൂര്‍വ്വം, ആരേയും പേടിക്കാതെ, ആ വസ്ത്രം ധരിക്കുന്നത്, തുടരുന്നത് തന്നെയാണ് ഏറ്റവും വലിയ വിപ്ലവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."