വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും
മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകളും ലഘുലേഖകളും പതിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു കടയുടെ ഭിത്തിയില്‍ പതിച്ച പോസ്റ്ററുകള്‍ കുപ്പു ദേവരാജിന്റെയും അജിതയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്തുള്ളതാണ്. ഇതിനൊപ്പം 'ജൂലൈ 28' രക്തസാക്ഷി ദിനമെന്നെഴുതിയ തുണിയുടെ ഒരു ബാനര്‍ വലിച്ചു കെട്ടിയിട്ടുണ്ട്.
കാട്ടുതീയുടെ ലഘുലേഖകളും പ്രദേശത്ത് ഒട്ടിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി മൂച്ചിക്കല്‍ രാമകൃഷ്ണന്റെ കടയുടെ വരാന്തയിലാണ് ലഘുലേഖകളും മുന്‍വശത്തെ ചുമരില്‍ പോസ്റ്ററുകളും പതിച്ചിരിക്കുന്നത്. തൊട്ടടുത്ത കലുങ്കിനു സമീപം ബാനറും വലിച്ചു കെട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ കടയില്‍ വന്നവരാണ് പോസ്റ്ററുകള്‍ കണ്ടത്.
ലഘുലേഖകളൊഴികെയുള്ളവ എഴുതി തയാറാക്കിയതാണ്. നിലമ്പൂരില്‍ വച്ച് പൊലിസുമായുള്ള സംഘട്ടനത്തില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെയും അജിതയുടെയും രക്തസാക്ഷിത്വ മഹത്വവും പോസ്റ്ററുകളിലുണ്ട്. പുത്തന്‍ ജനാധിപത്യ വിപ്ലവ പൂര്‍ത്തീകരണത്തിന് ജനകീയ യുദ്ധപാതയില്‍ അണിചേരാനും ആഹ്വാനം ചെയ്യുന്നുണ്ട്.
മാവോയിസ്റ്റുകള്‍ ഭീകരവാദികളല്ല, മാവോയിസ്റ്റുകളെ കൊല്ലുന്നത് ജനങ്ങളുടെ അവകാശവും, സ്വാതന്ത്ര്യവും നിഷേധിക്കുന്നതിന് തുല്യമാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. പ്രദേശത്ത് പത്തോളം പോസ്റ്റുറകളാണ് ഒട്ടിച്ചിട്ടുള്ളത്. മാനന്തവാടി പൊലിസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."