വനംവകുപ്പില്‍ വീണ്ടും വയനാടന്‍ വനിതാ റെയ്ഞ്ചര്‍
മീനങ്ങാടി: രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ റെയ്ഞ്ചറെ വനംവകുപ്പിന് സംഭാവന ചെയ്ത വയനാട്ടില്‍ നിന്നും വീണ്ടും ഒരു വനിതാകൂടി ഫോറസ്റ്റ് റെയ്ഞ്ചര്‍ കുപ്പായമിടുന്നു. മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞിലക്ഷ്മിയുടെയും മകളായ രമ്യാരാഘവന്‍ എന്ന 26ഉകാരിയാണ് വയനാട്ടില്‍ നിന്നുള്ള രണ്ടാമത്തെ റെയ്ഞ്ചറായിരിക്കുന്നത്.
ആദിവാസി കുറുമ സമുദായത്തില്‍ നിന്നുള്ള ആദ്യ റെയിഞ്ചര്‍ കൂടിയായിരിക്കുകയാണ് ഈ മിടുക്കി.
കഴിഞ്ഞ മെയ് 25നാണ് രമ്യ ജോലിയില്‍ പ്രവേശിച്ചത്. പേര്യ റെയ്ഞ്ചിലെ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
പ്ലസ്ടു വരെ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച രമ്യ പിന്നീട് മണ്ണുത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളജില്‍ നിന്നും ബി.എസ്.സി, എം.എസ്.സി ഫോറസ്ട്രി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇതോടെയാണ് വനംവകുപ്പില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുദിക്കുന്നത്.
ഇതിനായി അപേക്ഷ നല്‍കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015ല്‍ കോയമ്പത്തൂര്‍ വനം പരിശീലന അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ഒന്നര വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വയനാട്ടില്‍ തന്നെ ജോലി ലഭിച്ചത്. മൂന്ന് വനിതകളടക്കം 13 പേരാണ് രമ്യക്കൊപ്പം പരിശീലനം നേടിയത്.
വനിതകളായ രണ്ടുപേര്‍ക്ക് പാലക്കാടും, പുനലൂരുമാണ് നിയമനം. വന്യമൃഗങ്ങളെയെല്ലാം നേരിടേണ്ട ജോലി ആയതിനാല്‍ അമ്മക്ക് പേടിയായിരുന്നു.
എന്നാല്‍, തന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ അച്ഛനും അമ്മയും വഴങ്ങുകയായിരുന്നെന്ന് രമ്യ പറഞ്ഞു. ജോലിയില്‍ തികഞ്ഞ സത്യസന്ധത പുലര്‍ത്തുമെന്നും ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഹോദരി രജിതയെ വിവാഹം കഴിച്ച് അയച്ചു. ഏക സഹോദരന്‍ രജിത്ത് ബാലുശ്ശേരി ഗവ. കോളജില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."