നിര്‍മിത വനം കൈയേറി വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ചു
പയ്യോളി: സോഷ്യല്‍ ഫോറസ്ട്രി പദ്ധതി പ്രകാരം പുറമ്പോക്ക് ഭൂമിയില്‍ നട്ടുപിടിപ്പിച്ച നിര്‍മിത വനം സ്വകാര്യ വ്യക്തി കൈയേറി നശിപ്പിച്ചതായി പരാതി.
കോട്ടക്കടപ്പുറം അപ്രോച്ച് റോഡിന്റെ പാര്ശ്വഭിത്തികള്ക്കകത്തെ മൂന്നു സെന്റോളം ഭൂമി കൈയേറി നിരവധി മരങ്ങള്‍ വെട്ടിനശിപ്പിച്ചതായും കൊളാവിപ്പാലം തീരം പ്രകൃതി സംരക്ഷണ സമിതി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
തീരം പ്രകൃതി സംരക്ഷണ സമിതിയും വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് തീരം പ്രസിഡണ്ട് എം.ടി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു തൈകള്‍ നട്ടുപിടിപ്പിച്ചത്.
ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ആഴ്ചതോറും പരിപാലിച്ച പത്ത് വര്‍ഷം പ്രായമായ ഞാവല്‍, ബദാം തുടങ്ങിയ വൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍മ്മിത വനഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറിയത്.
ആറോളം മരങ്ങള്‍ വെട്ടിനശിപ്പിക്കുകയും കമ്പിവേലി കെട്ടി സ്വകാര്യ ഭൂമിയോട് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൈയേറ്റത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മാത്തോട്ടം സോഷ്യല്‍ ഫോറസ്ട്രിയിലെ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."