കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് പിടികൂടി
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് സംഘം കൈയോടെ പൊക്കി. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ മക്കരപ്പറമ്പ് സ്വദേശി അബ്ദുനാസറിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലന്‍സ് സംഘം പിടികൂടിയത്്.
പൂക്കോട്ടൂര്‍ സ്വദേശിയായ പ്രവീണിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പശു രോഗ ബാധിച്ച് ചത്തിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിലേക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട ചുമതല അബ്ദുനാസറിനായിരുന്നു. ഇതിനായി 2000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് പ്രവീണിന് 50,000 രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിച്ചത്. വിവരമറിഞ്ഞ ഡോക്ടര്‍ നേരത്തെ ആവശ്യപ്പെട്ട തുക നല്‍കണമെന്ന ആവശ്യവുമായി വീണ്ടും വരികയായിരുന്നു. ഇക്കാര്യം പരാതിക്കാരന് വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഡി.വൈ.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ഒരുക്കിയ കെണിയില്‍ ഇന്നലെ വൈകിട്ട് മൂന്നിന് കൈക്കൂലി വാങ്ങുന്നതിനിടെ നാസറിര് പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലാകുന്ന 11ാമത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് വെറ്ററിനറി ഡോക്ടര്‍കൂടിയായ അബ്ദുനാസര്‍.
ഡി.വൈ.എസ്.പിയെ കൂടാതെ വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റഫീഖ്, സുരേഷ്, മനോജ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ മോഹന്‍ദാസ്, മുഹമ്മദലി, ശ്രീനിവാസന്, റഫീഖ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."