മൊകേരിയിലെ ദുരൂഹമരണം; പിന്നില്‍ ഭാര്യയെന്ന വാര്‍ത്ത നാടിനെ ഞെട്ടിച്ചു
കുറ്റ്യാടി: മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ മരണം കൊലപാതകമാണെന്നും ഇതിനു പിന്നില്‍ ഭാര്യയും ഭാര്യാമാതാവുമാണെന്ന വാര്‍ത്ത വിശ്വസിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും. എല്ലാവര്‍ക്കും ചിരപരിചിതനായ ശ്രീധരന്റെ ദാരുണാന്ത്യം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന ശ്രീധരനു സംഭവിച്ച അത്യാഹിതം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് സാക്ഷികളായ പ്രദേശത്തുകാരുടെ മുഖത്ത് ദുഃഖം പ്രകടമായിരുന്നു.
വീടു പണിക്കായി വീട്ടിലെത്തിയ ബംഗാള്‍ സ്വദേശിയുമായി ശ്രീധരന്റെ ഭാര്യക്കുണ്ടായ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം പുറത്തറിഞ്ഞതോടെ ഇതരസംസ്ഥാന തൊഴിലാളിയുമായി ചേര്‍ന്നു ശ്രീധരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ ഇതിനുള്ള തയാറെടുപ്പ് ശ്രീധരന്റെ ഭാര്യയും ഭാര്യാമാതാവും ബംഗാളിയും ചേര്‍ന്ന് തയാറാക്കിയതായാണ് പൊലിസ് നല്‍കുന്ന സൂചന.
ജൂലൈ ഒന്‍പതിന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീധരന്‍ മരിച്ചുവെന്നാണ് ഭാര്യയും ഭാര്യാമാതാവും നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ജൂലൈ എട്ടിനും പത്തിനുമിടയിലാണ് ശ്രീധരനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലിസിനോട് സമ്മതിച്ചതായും വിവരമുണ്ട്.
സംഭവത്തിനുശേഷം മുങ്ങിയ ബംഗാള്‍ സ്വദേശിയെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്ന് ഇന്നലെ കോഴിക്കോട് വച്ച് പൊലിസ് വലയിലാക്കി. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ മരണം കൊലപാതകമാണെന്ന വ്യക്തമായ സൂചന പൊലിസിന് ലഭിച്ചിരുന്നു.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബംഗാളിയെ പിടികൂടാനുള്ള സംഘത്തില്‍ സി.ഐക്ക് പുറമെ സിവില്‍ പൊലിസ്ഓഫിസര്‍മാരായ അഷ്‌റഫ്, എന്‍.പി അനില്‍കുമാര്‍, വി.പി ബിജു, എന്‍.സി കുഞ്ഞിമോള്‍, പ്രഭീഷ് ചന്ദ്രന്‍, ഇ.വി ബിജു എന്നിവരുമുണ്ടായിരുന്നു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു
കുറ്റ്യാടി: മൊകേരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വട്ടക്കണ്ടിമീത്തല്‍ ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇന്നലെ 11ഓടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റ്യാടി സി.ഐ ടി. സജീവന്റെ നേതൃത്വത്തില്‍ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തത്.
കോഴിക്കോട്ടു നിന്നുള്ള പൊലിസ് സര്‍ജന്‍ ഡോ. ബിജുകുമാര്‍, ഡോ. ശ്രീജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. സി.ഐക്ക് പുറമെ നാദാപുരം ഡിവൈ.എസ്.പി വി.കെ രാജു, കുറ്റ്യാടി എസ്.ഐ ടി.എസ് ശ്രീജിത്ത്, കണ്ണൂര്‍ ഡി.സി.ആര്‍.ബിയിലെ സയിന്റിഫിക് ഓഫിസര്‍ കെ.എസ് ശ്രുതിലേഖ, വടകര തഹസില്‍ദാര്‍ കെ.കെ രവീന്ദ്രന്‍, വിരലടയാള വിദഗ്ധരായ ശശികുമാര്‍, രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
മൂന്നാഴ്ചയിലേറെ പഴക്കമുള്ള മതദേഹം പുറത്തെടുത്ത് അവിടെ വച്ചുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നെടുത്ത സാംപിളുകള്‍ വിദഗ്ധ പരിശേധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ രാവിലെ മുതല്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. നാട്ടുകാരെ നിയന്ത്രിക്കാന്‍ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തി. കുഴിമാടത്തിന് ചുറ്റും കയര്‍കെട്ടിയാണ് നാട്ടുകാരെ നിയന്ത്രിച്ചത്. കഴിഞ്ഞ ജൂലൈ എട്ടിന് രാത്രിയാണ് ശ്രീധരന്‍ മരണപ്പെട്ടത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി രംഗത്തു വന്നത്. ഇതേതുടര്‍ന്നാണ് ഇന്നലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."