ശൈലജ കോണ്‍ഗ്രസ് അംഗമാണെന്നു പറയുന്നത് ദുഷ്ടലാക്ക്: പാച്ചേനി
കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പി. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച് വസ്തുവകകള്‍ കൈക്കലാക്കിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പ്രസ്താവിച്ചു.
ഇപ്പോള്‍ പൊലിസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കിയതും ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതും അന്വേഷിക്കണം. പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്ക് ലക്ഷ്യം വച്ചുള്ളതാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലാത്ത വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രതികള്‍ക്ക് ആവശ്യമായ നിയമപരവും മറ്റുമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരുടെയും അഡ്വക്കേറ്റിന്റെയും സംഘടനാ ബന്ധങ്ങളും അന്വേഷിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായോ നേതാക്കളുമായോ പാര്‍ട്ടിയുമായോ ആരോപണ വിധേയര്‍ക്ക് യാതൊരുബന്ധവുമില്ല. ഒരു മുന്‍സിപ്പാലിറ്റിയില്‍ നിന്ന് തന്നെ രണ്ട് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫിസര്‍മാര്‍ യഥാവിധി നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വത്ത് തട്ടിയെടുക്കാന്‍ ആവശ്യമായ പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി സഹായം ചെയ്തതും ഗസറ്റഡ് ഉദ്യോഗസ്ഥന്റെ അറ്റസ്റ്റേഷന്‍ സഹായവും ഉള്‍പ്പെടെ അന്വേഷിച്ചാല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ഇടപെട്ട ഉദ്യോഗസ്ഥ-മാഫിയാ സ്വാധീന കേന്ദ്രങ്ങള്‍ വ്യക്തമാകുമെന്നും പാച്ചേനി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."