പൗരത്വ നിയമഭേദഗതി: കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ്, സ്‌റ്റേ ഇല്ല
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ് അയച്ചു. മൂന്നാഴ്ചക്കകം കേന്ദ്രം മറുപടി നല്‍കണം. ജനുവരി രണ്ടാം വാരം കേസ് സുപ്രിം കോടതി വീണ്ടും പരിഗണിക്കും.അതേസമയം, പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജികളില്‍ വാദം കേട്ടത്.
പുതിയ നിയമം മതത്തെ മാത്രം അടിസ്ഥാനമാക്കിയെന്ന് ഹരജിക്കാര്‍. 57 ഹരജികളാണ് കോടതി പരിഗണിച്ചത്.
കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം, ഡി.എം.കെ തുടങ്ങിയവരാണ് കോടതിയെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍ എം.പി, നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹരജി സമര്‍പ്പിച്ചു. എന്‍.ആര്‍.സി കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് പുതിയ നിയമം കൊണ്ടുവന്നതിനെയാണ് അസമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം എതിര്‍ക്കുന്നത്. നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ അസ്ഥിരമാക്കുമെന്ന് ഹരജികളില്‍ ആശങ്കപ്പെട്ടു. ഇതിന് പുറമേ വിവിധ മുസ്‌ലിം സംഘടനകളും ഹരജി നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."