കോഴിച്ചാല്‍ സ്കൂളിലെ കായികാധ്യാപകനെ സ്ഥലംമാറ്റി
ചെറുപുഴ: കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനെ സ്ഥലം മാറ്റിയതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. വര്‍ഷങ്ങളായി അത്ലറ്റിക്സിലും നീന്തലിലും കിരീടം കരസ്ഥമാക്കുന്ന സ്കൂളിന് അധ്യാപകന്റെ സ്ഥലംമാറ്റം തിരിച്ചടിയായി. സംസ്ഥാനത്ത് എവിടെ കായിക മത്സരങ്ങള്‍ നടന്നാലും സ്കൂളിലെ ഒരാളെങ്കിലും ഉണ്ടാകും. അതിനു വിദ്യാര്‍ഥികളെ പ്രാപ്തരാക്കിയത് കായികാധ്യാപകനായ സജിയാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പലരും ഇന്ന് ഉന്നത ശ്രേണിയില്‍ എത്തിയിട്ടുമുണ്ട്. ഒരാഴ്ച മുന്‍പാണ് അടിയന്തിര പ്രാധാന്യത്തോടെ അധ്യാപകനെ മണക്കടവ് സ്കൂളിലേക്ക് സ്ഥലംമാറ്റിയത്. ഉത്തരവ് ലഭിച്ചു രണ്ടുദിവസത്തിനുള്ളില്‍ പുതിയ സ്ഥലത്ത് ചേരണമെന്ന നിര്‍ദേശത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തമായി ഒരു സ്വിമ്മിങ് പൂള് ഇല്ലാതിരുന്നിട്ടും കോഴിച്ചാല്‍ പുഴയില്‍ നീന്തിപഠിച്ച് കാല്‍നൂറ്റാണ്ടായി ചാംപ്യന്‍ഷിപ്പ് നേടിയതാണ് സ്കൂള്‍. കണ്ണൂര്‍ റവന്യൂ ജില്ലാ അത്ലറ്റിക് കായികമേളയില്‍ തുടര്‍ച്ചയായി എട്ടുതവണ ചാംപ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ കുട്ടികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വരെ പങ്കെടുത്തിട്ടുണ്ട്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ 200 കുട്ടികള്‍ ഉണ്ടാകണം എന്ന നിയമം ഉപയോഗിച്ചാണത്രേ അധ്യാപകനെ സ്ഥലംമാറ്റിയത്. പകരം അധ്യാപകനെ നിയമിക്കാനും വകുപ്പില്ലത്രേ. അടുത്ത കായിക മത്സരങ്ങള്‍ക്ക് തയാറെടുക്കേണ്ട സമയത്ത് ഇത്തരമൊരു സ്ഥലംമാറ്റം കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."