കടലാടിപ്പാറ ഖനനം: പൊതുതെളിവെടുപ്പ് ഉപരോധം രാവിലെ ഏഴിനു തുടങ്ങും
നീലേശ്വരം: കടലാടിപ്പാറ ബോക്‌സൈറ്റ് ഖനന പദ്ധതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പൊതു തെളിവെടുപ്പിനെതിരായ ഉപരോധസമരം നാളെ രാവിലെ ഏഴിനു തുടങ്ങും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയിലാണു പൊതു തെളിവെടുപ്പു നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവനുസരിച്ചും ആശാപുര കമ്പനി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള അപേക്ഷ സംബന്ധിച്ചുമാണു തെളിവെടുപ്പ്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണു പൊതുതെളിവെടുപ്പിന്റെ ചുമതല. രാവിലെ 10.30നു പൊതുതെളിവെടുപ്പ് ആരംഭിക്കും. പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങളും പരാതികളും രേഖാമൂലമോ നേരിട്ടോ സമര്‍പ്പിക്കാം. അതേ സമയം രാവിലെ ഏഴിനു തന്നെ പൊതുതെളിവെടുപ്പ് ഉപരോധസമരം ആരംഭിക്കാനാണു സര്‍വകക്ഷി ജനകീയ സമിതിയുടെ തീരുമാനം. തെളിവെടുപ്പിനെത്തുന്ന ഉദ്യോഗസ്ഥരെ അകത്തേക്കു കടത്തിവിടില്ല.
പൊലിസിനെ ഉപയോഗിച്ച് അകത്തു കടക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷാവസ്ഥയ്ക്കും സാധ്യതയുണ്ട്. വിവിധ രാഷ്ട്രീയ, യുവജന, മഹിളാ സംഘടനകള്‍, കുടുംബശ്രീ, പുരുഷ സംഘങ്ങള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ഓട്ടോ-ടാക്‌സി യൂനിയനുകള്‍, മത സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയും ഉപരോധസമരത്തിനുണ്ട്. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ജില്ലാ ഭരണകൂടവും നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."