അനധികൃത ചിട്ടി നടത്തുന്നവര്‍ക്കെതിരേ ജാഗ്രത വേണം
ആലപ്പുഴ: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ടെന്നും അനധികൃത ചിട്ടികള്‍ നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ല രജിസ്ട്രാര്‍ മുന്നറിയിപ്പു നല്‍കി. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതികൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികള്‍ ഇപ്രകാരം അനുമതിയില്ലാതെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി പത്രമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് കേന്ദ്ര ചിട്ടി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ അനുമതി കൂടാതെയുള്ള ഇത്തരം ചിട്ടികളില്‍ പ്രലോഭിതരായി ജനങ്ങള്‍ വഞ്ചിതരാവരുത്. വ്യാജച്ചിട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാറെ രേഖാമൂലം അറിയിക്കാവുന്നതാണെന്നും ജില്ല രജിസ്ട്രാര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാര്‍ ഓഫീസ് ഹെഡ് പി.ഒ, ആലപ്പുഴ 688001. ഫോണ്‍: 04772253257. കേന്ദ്ര ചിട്ടി നിയമത്തിന് അനുബന്ധമായി കേരള ചിറ്റ് ഫണ്ട്‌സ് റൂള്‍ 2012 ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം കേരളത്തില്‍ നിലവില്‍ വന്നിട്ടുള്ളതാണ്. കേരളത്തിലെ ചിട്ടികളുടെയെല്ലാം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഈ നിയമത്തിന് വിധേയമാണ്. 1982ലെ കേന്ദ്ര ചിട്ടി നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികള്‍ക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുള്ള മുന്‍കൂര്‍ അനുമതി.
ഈ കമ്പനികള്‍ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങള്‍ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഓഫീസുകളിലും സഹകരണസംഘങ്ങളുടെ ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."