15 മാസത്തിനിടയില്‍ മോട്ടോര്‍ വാഹനവകുപ്പിന് പിഴയിനത്തില്‍ ലഭിച്ചത് 94 ലക്ഷം രൂപ
നിലമ്പൂര്‍: വാഹനാപകടങ്ങള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. 15 മാസത്തിനിടയില്‍ 5380 മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെ 6500 ഓളം വാഹനങ്ങള്‍ പിഴ ഈടാക്കിയാണ് 94 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴയിനത്തില്‍ ഈടാക്കിയത്. ബൈക്കുകളില്‍ നിന്നും പിഴയിനത്തില്‍ 38,43,200 രൂപയും മറ്റുവാഹനങ്ങളില്‍ നിന്നും പിഴയിനത്തില്‍ 34,84,650 രൂപയും കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി 20 ലക്ഷം രൂപയുമാണ് പിഴയിനത്തില്‍ ഈടാക്കിയത്.
186 ബൈക്ക് യാത്രക്കാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വാഹന അപകടങ്ങള്‍ നേരിയ തോതില്‍ കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മാസം നിലമ്പൂരില്‍ ബൈക്ക് അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുകയാണെന്ന് ജോയിന്റ് ആര്‍.ടി.ഒ കെ സി മാണി പറഞ്ഞു. പുതിയ ഡ്രൈവര്‍മാര്‍ക്കും ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വെച്ച് എല്ലാ ബുധനാഴ്ചയും ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നുണ്ട്.
ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ് വെക്കാതെ യാത്രചെയ്യുന്ന ബൈക്ക് യാത്രക്കാരാണ് പിഴയടക്കുന്നവരിലേറെയും. അപകടങ്ങളില്‍ മരണപ്പെടുന്നവരിലും ബൈക്ക് യാത്രക്കാരാണ് മുന്നില്‍. മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘകര്‍ക്ക് കടിഞ്ഞാണിടാന്‍ നടപ്പാക്കിയ മൂന്നാം കണ്ണ് 2015 ഒക്ടോബറിലാണ് നിലമ്പൂരില്‍ ആരംഭിച്ചത്. കാമറയില്‍ പതിയുന്നതിനാല്‍ പിഴയടക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല.
മൂന്നാം കണ്ണിലൂടെ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പിഴ സംഖ്യ ലഭിച്ച മോട്ടാര്‍ വാഹനവകുപ്പ് ഓഫിസുകളില്‍ മുന്നിലാണ് നിലമ്പൂര്‍. വരും ദിവസങ്ങളില്‍ നിലമ്പൂരിന്റെ പ്രധാന മേഖലകളിലെല്ലാം പരിശോധന ശക്തമാക്കി അപകടതോത് കുറക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."