വെള്ളവും വൈദ്യുതിയും മുറ്റവും കളിക്കോപ്പുമില്ല; ഓടക്കയം കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളില്‍ കുരുന്നുകള്‍ ദുരിതം പേറുന്നു
അരീക്കോട്: വെള്ളമില്ല, വൈദ്യുതിയില്ല, നല്ല കെട്ടിടമില്ല, സൗകര്യമുള്ള മുറ്റമില്ല, കളിക്കാന്‍ കളിക്കോപ്പുമില്ല. ആദിവാസി കുഞ്ഞുങ്ങളോടുള്ള അവഗണനയുടേയും വിവേചനത്തിന്റെയും ഉത്തമോദാഹരണമാണ് ഓടക്കയത്തെ പട്ടികവര്‍ഗ വിഭാഗങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കായുള്ള കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍. നിലവില്‍ വന്നിട്ട് ഇരുപത് വര്‍ഷമാകാറായെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും പേരിന് പോലും ഇവിടെ ഒരുക്കിയിട്ടില്ല.
ത്രിതല പഞ്ചായത്തുകളിലും പട്ടികവര്‍ഗവകുപ്പിലും ആദിവാസി വിഭാഗങ്ങള്‍ക്കായി പ്രത്യേകം നീക്കിവച്ച ലക്ഷക്കണക്കിന് രൂപയുടെ ടി.എസ്.പി ഫണ്ടുകള്‍ ഉണ്ടെങ്കിലും ഇതൊന്നും ഇവരെ തേടിയെത്തിയിട്ടില്ല. 1996 ല്‍ സ്ഥാപിതമായ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആദിവാസി പൈതങ്ങള്‍ക്ക് നിഷേധിക്കുകയാണ്. ആദ്യം വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 2002 ലാണ് ഐ.ടി.ഡി.പി സ്ഥാപിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. എന്നാല്‍ തുടങ്ങിയ അതേ അവസ്ഥയില്‍ തന്നെയാണിപ്പോഴും സ്ഥാപനമുള്ളത്. കെട്ടിടത്തിന്റെ ചുമരുകള്‍ പോലും സിമന്റ് തേച്ചിട്ടില്ല. നിലം പരുക്കനായി ഇട്ടിരിക്കുകയാണ്. പത്തുകുട്ടികള്‍ പോലും പഠിക്കുന്ന അങ്കണവാടികള്‍ വരെ എ.സി സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് 18 ആദിവാസി കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനം കടുത്ത വിവേചനം നേരിടുന്നത്.
ഭക്ഷണം പാകം ചെയ്യാനായി അടുപ്പ് പോലും ഇല്ലാത്തതിനാല്‍ കല്ലുകള്‍ അടുക്കിവച്ചിരിക്കുകയാണിവിടെ. വെള്ളത്തിനായി വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയുമാണ്. വേനല്‍ക്കാലമായാല്‍ വെള്ളം ദൂരെ നിന്ന് ചുമടായി കൊണ്ടുവരണം. കുട്ടികള്‍ക്ക് കളിക്കാനായി പാകമാക്കിയ മുറ്റമോ മറ്റു അനുബന്ധ വസ്തുക്കളോ ഈ കിന്റര്‍ഗാര്‍ട്ടനിലില്ല. പക്ഷേ ഒന്നുമില്ലെങ്കിലും അധികാരികള്‍ കുട്ടികള്‍ക്ക് യൂനിഫോം നല്‍കിയിട്ടുണ്ട് എന്നതാണ് രസകരമായ കാര്യം.
പഞ്ചായത്തും ഐ.ടി.ഡി.പി യും 19 വര്‍ഷം പ്രായമായ ഒരു സ്ഥാപനത്തെച്ചൊല്ലി പരസ്പരം പഴിചാരി ഒഴിഞ്ഞ് കളിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഊരു കൂട്ടങ്ങളിലും ഗ്രാമസഭകളിലും നിരവധി തവണ വിഷയം നാട്ടുകാര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഒന്നിനും ഫലം കണ്ടിട്ടില്ല.
വിവേചനം ഇനിയും തുടര്‍ന്നാല്‍ നിലമ്പൂര്‍ ട്രൈബല്‍ കാര്യാലയത്തിന് മുന്നിലും ഊര്‍ങ്ങാട്ടിരി പഞ്ചായത്തോഫിസിന് മുമ്പിലും അനിശ്ചിത കാല നിരാഹാരം ആരംഭിക്കുമെന്ന് ആദിവാസി യുവാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."