കുഞ്ഞാതുവിന് പാര്‍ട്ടിയോട് പ്രണയമാണ്: 61ലും യുവജന യാത്രക്ക് അകമ്പടിയായി മുന്‍നിരയില്‍
മണ്ണാര്‍ക്കാട്: പ്രായം 61 കഴിഞ്ഞെങ്കിലും കുഞ്ഞാതു കോയക്ക് മുസ്‌ലിം ലീഗിനോടുള്ള ആവേശത്തിന് കുറവില്ല. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യൂത്ത് ലീഗ് യുവജനയാത്രയുടെ പൈലറ്റ് വാഹനങ്ങളില്‍ ഒന്ന് അംഗപരിമിതനായ കുഞ്ഞാതുകോയയുടെ മൂന്നുചക്രമുള്ള സ്‌കൂട്ടറാണ്.
യാത്ര തുടങ്ങിയ കാസര്‍കോട് മുതല്‍ കുഞ്ഞാതു യാത്രയുടെ മുന്നില്‍ പൈലറ്റായി തുടരുന്നുണ്ട്. പത്താം വയസില്‍ കോഴിക്കോട് കല്ലായിയില്‍ നടന്ന മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ ബാഫഖി തങ്ങളുടെ പ്രസംഗം കേള്‍ക്കാനിടയായ അന്ന് മുതല്‍ ലീഗിനോടാണ് ആവേശം. മുസ്‌ലിം ലീഗിന്റെ എല്ലാ ജാഥ കളിലും സജീവ സാന്നിധ്യമാവുന്ന കോയ രണ്ടാം യുവജന യാത്രയിലും ശ്രദ്ധാകേന്ദ്രമാകുകയാണ്.
തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ജാഥ തുടങ്ങുന്നതിന്റെ മുന്‍പെ കോയ യുവജന യാത്രയുടെ മുന്നില്‍ തന്റെ വാഹനത്തില്‍ ഒറ്റയാന്‍ പ്രചരണവുമായി കടന്നുപോവും. കോഴിക്കോട് കല്ലായി സ്വദേശിയായ എന്‍.പി കുത്താതു കോയ ഇപ്പോള്‍ പരപ്പനങ്ങാടി പാലത്തിങ്ങലാണ് താമസിക്കുന്നത്. ചുമട്ട് തൊഴിലാളിയായിരുന്ന കോയക്ക് കാലിലേറ്റ മുറിവ് കാരണം വലതുകാല്‍ മുട്ടിന് താഴെ മുറിച്ചുനീക്കേണ്ടി വന്നു. അടങ്ങാത്ത ആവേശം കാലിന്റെ അഭാവം ഒട്ടും തന്നെ തളര്‍ത്തിയില്ല.
മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗിന്റെ പരിപാടികളില്‍ സജീവ സാന്നിധ്യമായ കുഞ്ഞാതു കോയ താനറിഞ്ഞ പാര്‍ട്ടി പരിപാടികളിലെല്ലാം ഒടുക്കം മുതല്‍ അവസാനിക്കും വരെ പങ്കെടുക്കും. ഈ യുവജന യാത്ര തിരുവനന്തപുരത്ത് സമാപിക്കും വരെ കോയയും ജാഥക്കൊപ്പം തന്റേതായ പങ്കാളിത്തം കൊണ്ട് ശ്രദ്ധാലുവാകും. എന്നാല്‍ ഈ യാത്രകളൊക്കെയും സ്വന്തം ചെലവിലാണ്. നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരള യാത്രയിലും, എം.കെ മുനീര്‍ നടത്തിയ കോഴിക്കോട്- പാലക്കാട് യാത്രയിലും കുഞ്ഞാതു പങ്കെടുത്തിരുന്നു. സുഹറാബിയാണ് ഭാര്യ. റയീസ്, അസറുദ്ദീന്‍, ജാസര്‍ അറഫാത്ത് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."