അഞ്ചു സംസ്ഥാനങ്ങളിലെ 678 മണ്ഡലങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം 18 മാത്രം; തെലങ്കാനയില്‍ എട്ടും രാജസ്ഥാനില്‍ ഏഴും മുസ്‌ലിംകള്‍
#യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വിജയിച്ചത് 678 സ്ഥാനാര്‍ത്ഥികള്‍. മധ്യപ്രദേശില്‍ 230, രാജസ്ഥാനില്‍ 200, തെലങ്കാനയില്‍ 119, ഛത്തിസ്ഗഡില്‍ 90, മിസോറമില്‍ 40 എന്നിങ്ങനെയാണ് നിയമസഭാമണ്ഡലങ്ങളിലെ കണക്ക്. ഇതില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ രാജസ്ഥാനിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പു മാറ്റിവച്ചിരുന്നു. ഇതൊഴിച്ചു ബാക്കിയുള്ള 678 മണ്ഡലങ്ങളിലെ ഫലങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്നത്.
എന്നാല്‍, വിജയിച്ച 678 സ്ഥാനാര്‍ത്ഥികളില്‍ മുസ്‌ലിംകള്‍ കേവലം 18 പേര്‍ മാത്രം. തെലങ്കാനയില്‍ എട്ടു മുസ്‌ലിം എം.എല്‍.എമാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജസ്ഥാനില്‍ ഏഴും മധ്യപ്രദേശില്‍ രണ്ടും മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഛത്തിസ്ഗഡില്‍ ഒരാള്‍ വിജയിച്ചപ്പോള്‍ മിസോറമില്‍ പ്രധാന കക്ഷികളൊന്നും മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതേയില്ല.
രാജസ്ഥാനില്‍ 64 ലക്ഷം മുസ്‌ലികളാണുള്ളത്. ഇത് ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരും. 200 അംഗ സംസ്ഥാനനിയമസഭയില്‍ ജനസംഖ്യാപ്രാതിനിധ്യമനുസരിച്ച് 20 മുസ്‌ലിംകളെങ്കിലും ഉണ്ടാവേണ്ടതാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 15 മുസ്‌ലിംകളെയും ബി.ജെ.പി ഒരു മുസ്‌ലിമിനെയുമാണ് നിര്‍ത്തിയിരുന്നത്. കോണ്‍ഗ്രസ്സിന്റെ ഏഴു മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥി യൂനുസ് ഖാന്‍, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനു മുന്‍പില്‍ നിലംപരിശായി. ടൊങ്ക് മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സച്ചിന്‍ പൈലറ്റ് വിജയിച്ചത്. ദാനിഷ് അബ്‌റാര്‍ (സ്വാമി മധ്‌പൊര്‍), അമീന്‍ ഖാന്‍ (ഷിയോ), സാലിഹ് മുഹമ്മദ് (പൊക്രാന്‍), റഫീഖ് ഖാന്‍ (ആദര്‍ശ് നഗര്‍), സാഹിദാ ഖാന്‍ (കമന്‍), ഹകം അലി ഖാന്‍ (ഫതഹ്പൂര്‍), അമീന്‍ ഖാസി (കിഷാന്‍ പൊലെ) എന്നിവരാണ് രാജസ്ഥാനില്‍ വിജയിച്ച മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍.
മധ്യപ്രദേശിലെ 78 ദശലക്ഷം ജനങ്ങളില്‍ ഒമ്പത് ശതമാനത്തോളമാണ് മുസ്‌ലിം ജനസംഖ്യ. ആ നിലക്ക് ജനസംഖ്യാടിസ്ഥാനത്തില്‍ പരിഗണനലഭിക്കണമെങ്കില്‍ 230 അംഗ സംസ്ഥാന നിയമസഭയില്‍ 20 മുസ്‌ലിം എം.എല്‍.എമാരെങ്കിലും ഉണ്ടാവേണ്ടതാണ്. മുസ്‌ലിം ജനസംഖ്യ പകുതിയോളമുള്ള പത്തോളം മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, സംസ്ഥാനത്ത് ബി.ജെ.പി ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെയും കോണ്‍ഗ്രസ് മൂന്നുപേരെയുമാണ് നിര്‍ത്തിയിരുന്നത്.
ഭോപ്പാല്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ്സിന്റെ ആരിഫ് അഖീല്‍ 34,557 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥി ഫാതിമ സിദ്ദീഖിയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ്സിന്റെ മുന്‍ മന്ത്രിയായിരുന്ന റസൂല്‍ അഹമദ് സിദ്ദീഖിയുടെ മകളാണ് ഫാതിമ. കോണ്‍ഗ്രസ്സിന്റെ മറ്റൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതിയംഗവുമായ ആരിഫ് മസൂദ് 14757 വോട്ടുകള്‍ക്കു വിജയിച്ചു. മുത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം വ്യകിതിനിയമത്തിനൊപ്പം നില്‍ക്കണമെന്നു നിലപാടെടുത്ത ആരിഫിനെതിരെ കടുത്ത വര്‍ഗീയ പ്രചാരണമായിരുന്നു ബി.ജെ.പി അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് മറ്റൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥി മഷാറത്ത് ഷാഹിദ് (സിറോഞ്ച്) 35,000 ഓളം വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ ഉമാകാന്ത് ശര്‍മയോടു പരാജയപ്പെട്ടു.
13 ശതമാനം മുസ്‌ലിം ജനസംഖ്യയുടെ തെലങ്കാനയില്‍ ആകെയുള്ള മണ്ഡലങ്ങള്‍ 119 ആണ്. ഇവിടെ എട്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഏഴും ടി.ആര്‍.എസ്സും ബി.ജെ.പിയും രണ്ടുവീതവും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരുന്നത്. വിജയിച്ച എട്ടുപേരില്‍ ഏഴും മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ അംഗങ്ങളാണ്.
ബഹദൂര്‍പൂരയിലെ മുഹമ്മദ് മുഅ്‌സം ഖാന്റെ (മജ്‌ലിസ്) വിജയമാണ് ഇവിടെ ശ്രദ്ധേയം. 82,000 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് മുഅ്‌സം വിജയിച്ചത്. മുഅ്‌സംഖാന് 96,993 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ടി.ആര്‍.എസ്സിന്റെ ഇനായത്ത് ആലിക്ക് 14,475 വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളൂ. ഇവിടെ മല്‍സരിച്ച ഒമ്പതുസ്ഥാനാര്‍ത്ഥികളും മുസ്‌ലിംകളായിരുന്നു. ഷക്കീല്‍ ആമിര്‍ മുഹമ്മദ് (ബോധന്‍ ടി.ആര്‍.എസ്), അക്ബറുദ്ദീന്‍ ഉവൈസി (ചന്ദ്രയാന്‍ഗുട്ട മജ്‌ലിസ്), മുംതാസ് അഹമ്മദ് ഖാന്‍ (ചാര്‍മിനാര്‍ മജ്‌ലിസ്), അഹമ്മദ് ബിന്‍ അബ്ദുല്ല ബലാല (മലക്‌പേട്ട് മജ്‌ലിസ്), ജാഫര്‍ ഹുസൈന്‍ (നംപള്ളി മജ്‌ലിസ്), കൗസര്‍ മുഹ്‌യിദ്ദീന്‍ (കര്‍വാന്‍ മജ്‌ലിസ്), സയ്യിദ് അഹമ്മദ് പാഷ ഖാദിരി (യാകൂത് പുര മജ്‌ലിസ്) എന്നിവരാണ് സംസ്ഥാനത്ത് വിജയിച്ച മറ്റു മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍.
ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് രണ്ടുസ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ഒരാള്‍ ജയിച്ചു. മുതിര്‍ന്ന നേതാവ് മുഹമ്മദ് അക്ബര്‍ അരലക്ഷത്തിലേറെ ഭൂരിപക്ഷവുമായി റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയപ്പോള്‍ വൈശാലിനഗറില്‍ ബദറുദ്ദീന്‍ ഖുറേശി 18,000 ഓളം വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ വിദ്യരത്തന്‍ ഭസിനോട് പരാജയപ്പെട്ടു. അഞ്ചുശതമാനത്തിലും താഴെ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലത്തിലാണ് അക്ബറിന്റെ ഉജ്വലവിജയം. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ രണ്ടുശതമാനം മാത്രമാണ്.
40 നിയമസഭാ മണ്ഡലങ്ങള്‍ മാത്രമുള്ള, മുസ്‌ലിം ജനസംഖ്യയില്‍ ഒന്നരശതമാനത്തിനും താഴെയുള്ള മിസോറമില്‍ പ്രധാന രാഷ്ട്രീയ കക്ഷികള്‍ മുസ്‌ലിംസ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."