റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തിനു വേണ്ടിയോ ശക്തികാന്ത് ദാസ്് നിയമനം?
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഉടന്‍തന്നെ പുതിയ ഗവര്‍ണറായി ശക്തികാന്ത് ദാസിനെ നിയമിച്ചിരിക്കുകയാണ്. പുറമെ വ്യക്തിപരമാണെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തില്‍ പ്രതിഷേധിച്ചാണ് ഉര്‍ജിത് പട്ടേല്‍ രാജിനല്‍കിയത്.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു വിഹിതം വേണമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഉര്‍ജിത് തിരസ്‌കരിച്ചതാണ് ഏറ്റവും അവസാനമായി കേന്ദ്ര സര്‍ക്കാരുമായുണ്ടായ ഏറ്റുമുട്ടലിനു കാരണം. നേരത്തെ തന്നെ നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു അദ്ദേഹം. ഇതുകാരണം നേരത്തെതന്നെ അദ്ദേഹം സ്ഥാനം രാജിവയ്ക്കാന്‍ തയാറായതായിരുന്നു. 1990നു ശേഷം കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് രാജിവയ്ക്കുന്ന ആദ്യത്തെ ഗവര്‍ണറാണ് ഉര്‍ജിത്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേദിവസം ഉര്‍ജിത് രാജിവച്ചത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരം തന്നെയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെടുമെന്നത് നേരത്തെതന്നെ അഭിപ്രായ സര്‍വെകളിലൂടെ പുറത്തുവന്നതാണ്. തെരഞ്ഞെടുപ്പു ഫലം ബി.ജെ.പിയുടെ അന്ത്യം കുറിക്കുന്നതായിരിക്കുമെന്ന് നേരത്തെതന്നെ ഉര്‍ജിത് മനസിലാക്കിയായിരിക്കണം. അതുകൊണ്ടായിരിക്കണം ഈ ദിവസം തന്നെ രാജിവയ്ക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തിട്ടുണ്ടാവുക.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് അതിന്റെ കരുതല്‍ ധനത്തില്‍നിന്ന് ഒരു വിഹിതം ആവശ്യപ്പെട്ടത്. ഇങ്ങനെ കിട്ടുന്ന കോടികള്‍കൊണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസന പ്രഹസനങ്ങള്‍ നടത്താമെന്നും രോഷാകുലരായ കര്‍ഷകര്‍ക്കു വായ്പാസഹായം നല്‍കാമെന്നും തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാര്‍ക്ക് അവരെ സന്തോഷിപ്പിക്കാനായി കൈനീട്ടം നല്‍കാമെന്നും അതുവഴി ഭരണത്തോടുള്ള എതിര്‍പ്പ് മാറ്റിയെടുക്കാമെന്നും ബി.ജെ.പി കരുതിയിട്ടുണ്ടാവണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ ഇത്തരം കാര്യങ്ങളൊന്നും മണ്ഡലങ്ങളില്‍ ചെയ്യാനാവില്ലെന്ന ബോധ്യത്തിലാണ് തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ റിസര്‍വ് ബാങ്കിനോടു കോടികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉര്‍ജിത് ആവശ്യം നിരസിച്ചു. അതു ബി.ജെ.പിക്കേറ്റ അപ്രതീക്ഷിത പ്രഹരമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ആ നിലയ്ക്കു റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍ നിന്ന് പണം നല്‍കുമെന്ന് സര്‍ക്കാര്‍ ന്യായമായും പ്രതീക്ഷിച്ചു. അങ്ങനെ സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഭരണകൂടത്തോടുള്ള എതിര്‍പ്പ് റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങുന്ന കോടികള്‍കൊണ്ട് ഇല്ലാതാക്കാമെന്ന മോഹം നടക്കാതെ പോയി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയ കാരണങ്ങളില്‍ ഒന്നാണത്.
ഉര്‍ജിത്തിനെ പിന്തുടര്‍ന്ന് പല ഉദ്യോഗസ്ഥ പ്രമുഖരും രാജിവയ്ക്കാനും ഇടയുണ്ട്. ബി.ജെ.പി അഞ്ചു സംസ്ഥാനങ്ങളിലും തോറ്റുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് നരേന്ദ്രമോദി ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണറായി ശക്തികാന്ത് ദാസിനെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു ബോധപൂര്‍വം തന്നെയാണ്. പ്രധാനമന്ത്രി പറയുന്നിടത്തു നില്‍ക്കുന്ന ആളാണ് ശക്തികാന്തെന്ന് പരക്കെ അഭിപ്രായമുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുമെന്ന് ഇന്നലെ ശക്തികാന്ത് പറഞ്ഞത് എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
2016ല്‍ നരേന്ദ്രമോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ അതിനെ സര്‍വാത്മനാ പിന്തുണയ്ക്കുകയും നോട്ട് റദ്ദാക്കല്‍ പ്രക്രിയയ്ക്കു നേതൃത്വം നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ശക്തികാന്ത്. കള്ളപ്പണം പുറത്തുകൊണ്ടുവരാനാണ് നോട്ട് നിരോധനമെന്ന് പറഞ്ഞിരുന്നെങ്കിലും തൊണ്ണൂറ്റി ഒന്‍പത് ശതമാനവും നിരോധിത നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ മടങ്ങിയെത്തി. സര്‍ക്കാരിന്റെ പ്രചാരണം കള്ളമായിരുന്നു എന്ന് തെളിയുകയും ചെയ്തു. ശക്തികാന്തിന്റെ നിയമനത്തോടെ റിസര്‍വ് ബാങ്കിനെ കൈപിടിയിലൊതുക്കാമെന്ന് മോദി സര്‍ക്കാര്‍ കരുതുന്നുണ്ടാവണം.
ധനകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച പരിചയമാണ് അദ്ദേഹത്തെ ഗവര്‍ണറാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ശക്തികാന്തിന്റെ ഔദ്യോഗിക ഭൂതകാലം അത്ര നല്ലതായിരുന്നില്ലെന്നാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിതന്നെ പറയുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ചുക്കാന്‍പിടിച്ച ശക്തികാന്ത് തന്നെ പുതിയ ഗവര്‍ണറായി വരുമ്പോള്‍ റിസര്‍വ് ബാങ്കില്‍ ഇടപെടാന്‍ ബി.ജെ.പി സര്‍ക്കാരിനു കഴിയുമെന്ന് അവര്‍ കരുതുന്നു. റിസര്‍വ് ബാങ്കിന്റെ ഏഴാം വകുപ്പ് ബാങ്കില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം ഒരു സര്‍ക്കാറും ഈ അധികാരം ഉപയോഗിച്ചിട്ടില്ല. ബി.ജെ.പി സര്‍ക്കാരിനു കരുതല്‍ധനം കിട്ടാനാണ് അതിപ്പോള്‍ ഉപയോഗിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ ചെലവഴിക്കാന്‍ റിസര്‍വ് ബാങ്കിന്റെ പണം കിട്ടാതെപോയെങ്കില്‍ അടുത്ത അഞ്ചു മാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിസര്‍വ് ബാങ്കില്‍നിന്ന് കരുതല്‍ധനം ശക്തികാന്ത് മുഖേന ഈടാക്കാമെന്നും അതുവഴി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ വികാരം ശമിപ്പിക്കാമെന്നും മോദി സര്‍ക്കാര്‍ കരുതുന്നുണ്ടാവണം. അതിനുവേണ്ടിയായിരിക്കണം പെട്ടെന്നു തന്നെ ശക്തികാന്തിനെ ഈ പദവിയില്‍ പ്രധാനമന്ത്രി നിയമിച്ചിട്ടുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."