ലൈഫ് മിഷന്‍ പാര്‍പ്പിട സുരക്ഷാ പദ്ധതി: നിര്‍മാണ യോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്തും: ജില്ലാ കലക്ടര്‍
പാലക്കാട്: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - ലൈഫ് മിഷന്റെ നടത്തിപ്പിനായി വീട് നിര്‍മിക്കുന്നതിന് അനുയോജ്യമായ ഭൂമി ഉടന്‍ കണ്ടെത്തുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. ഭൂമി കണ്ടെത്തുന്ന നടപടികളുമായി ജില്ലാ ഭരണകാര്യാലയം മുന്നോട്ട് പോകുകയാണ് .
ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട് 50 സെന്റില്‍ കൂടുതലുള്ള റവന്യു മിച്ചഭൂമി കണ്ടെത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള നിര്‍മാണ യോഗ്യമായ ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ഗ്രാമപഞ്ചായത്തുകള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കി അനുമതി വാങ്ങിയതിന് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.
ഭൂമി കണ്ടെത്തുന്നതിന് വേണ്ടി പദ്ധതിയുടെ ആവിഷ്‌കരണത്തിന് രൂപീകരിച്ച കര്‍മസമിതി ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സംസ്ഥാനത്തെ ഭവനരഹിതരേയും വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരേയും കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുകയാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഭൂരഹിതരര്‍ കൂടുതലുള്ള ആദിവാസി-പട്ടികജാതി കോളനികളില്‍ മൂന്ന് നിലകളുള്ള ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുക.
ഒരു കുടുംബത്തിന് 3.5 ലക്ഷം രൂപ ചെലവ് വരുന്ന 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ച് നല്‍കുക.
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വീടുകള്‍ നിര്‍മിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."