ഡി.വൈ.എഫ്.ഐ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയാല്‍ ഗവര്‍ണറെ വഴിയില്‍ തടയുമെന്ന് എ.എ.റഹീം
തിരുവനന്തപുരം: പൗരത്വം ബില്ലിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ രാജ്ഭവന് വളപ്പില്‍ കടക്കാന്‍ ശ്രമിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നേതാക്കള്‍ ഇടപെട്ടാണ് കനത്ത പ്രതിഷേധം ഉയര്‍ത്തിയ പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
ഈ രീതിയിലാണ് പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെങ്കില്‍ ഗവര്‍ണറെ വരും ദിവസങ്ങളില്‍ വഴിയില്‍ തടയുമെന്ന് എ.എ.റഹീം മുന്നറിയിപ്പു നല്കി. ഇതുവരെ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചത്. എന്നാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് പോകാന്‍ ഡി.വൈ.എഫ്.ഐക്ക് മടിയില്ലെന്നും റഹീം വ്യക്തമാക്കി.
രാജ്ഭവന് മുന്നില്‍ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിനിടെ പൊലിസിന് നേരെ കല്ലേറുണ്ടായി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."