കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശ വ്യാപാര നയം; കാർഗോ സ൪വീസുകൾക്ക് ഇനി ചിലവേറും
ജിദ്ദ: കേന്ദ്ര സർക്കാരിന്റെ വിദേശ വ്യാപാര നയ ഭേദഗതി നിലവിൽ വന്നതോടെ പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള പാർസൽ സർവീസുകൾക്ക് ഇനി മുതൽ ചെലവേറും. 5000 രൂപ വരെയുളള സാധനങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് അയക്കുന്നതിനുള്ള ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷൻ റദ്ദാക്കി വ്യാപാര നയ ഭേദഗതി കേന്ദ്ര സർക്കാർ നടപ്പാക്കിത്തുടങ്ങിയതോടെയാണ് പാർസൽ സർവീസുകൾക്ക് അധിക നിരക്ക് നൽകേണ്ടിവരുന്നത്. കഴിഞ്ഞ ദിവസം നയ ഭേദഗതി സംബന്ധിച്ച് വിദേശ വ്യാപാര ഡയറക്ടർ ജനറൽ അമിത് യാദവ് ഉത്തരവിറക്കിയത്.
അതേ സമയം പുതിയ നയം കാർഗോ അയക്കുന്ന സാധാരണക്കാരായ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ലോകത്ത് എവിടെനിന്നായാലും ഇന്ത്യയിലേക്ക് കാർഗോ അയക്കുേമ്പാൾ ഇനി ഒരുവിധ നികുതിയിളവും ലഭ്യക്കില്ല. 5,000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാൻ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷൻ എടുത്തുകളഞ്ഞാണ് കേന്ദ്രസർക്കാർ വിദേശ വ്യാപാരനയം ഭേദഗതി ചെയ്തത്.
ഇനി മുതൽ ജി.എസ്.ടി അടക്കം 42 ശതമാനം നികുതിയാണ് നാട്ടിൽ കസ്റ്റംസ് ക്ലിയറൻസിന് അധികം നൽകേണ്ടിവരിക. 1993 ലാണ് 5000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക് നികുതിയില്ലാതെ നാട്ടിലേക്കയക്കാൻ അനുമതി ലഭിച്ചത്. 1998 ൽ ഇത് 10000 രൂപയായും 2016ൽ 20,000 രൂപയായും ഉയർത്തി. കഴിഞ്ഞ ബജറ്റിൽ വീണ്ടും 5000 രൂപ പരിധിയായി കുറച്ചു. ഇപ്പോൾ ഇത് പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ്. പുതിയ ഉത്തരവ് പ്രകാരം ഈ ആഴ്്ച മുതൽ ഇന്ത്യയിലേക്ക് അയക്കുന്ന പാർസലുകൾക്ക് 42ശതമാനത്തോളം നികുതി നൽകേണ്ടിവരും. എന്നാൽ ജീവൻ രക്ഷാ മരുന്നുകൾക്കുള്ള ഇളവുകൾ തുടരും.
ചില ഇ- കൊമേഴ്‌സ് കമ്പനികൾ ചൈനീസ് ഉൽപന്നങ്ങൾ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്യൂട്ടി ഫ്രീ നോട്ടിഫിക്കേഷൻ നിർത്തലാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ വൻതോതിൽ സാധനങ്ങൾ വീട്ടാവശ്യങ്ങൾക്ക് പാർസൽ അയക്കുന്നുണ്ട്. അവധിക്ക് പോവുമ്പോൾ നിശ്ചിത കിലോ ബാഗേജ് മാത്രമേ വിമാനക്കമ്പനികൾ അനുവദിക്കുകയുള്ളൂ. അതിനാൽ അവർക്ക് പാർസൽ സർവീസുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ദീർഘ കാലം നാട്ടിൽ പോകാതിരിക്കുന്നവരും ബന്ധുക്കൾക്ക് സമ്മാനങ്ങളും മറ്റും അയക്കുന്നതും പാർസൽ സർവീസുകൾ വഴിയാണ്. രണ്ട് ലക്ഷത്തോളം കാർഗോ സർവീസുകളാണ് നിലവിൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായുള്ളത്.
അതേ സമയം കാർഗോ മേഖലയിൽ രൂക്ഷമായ പ്രതിസന്ധിയാണ് പുതിയ ഉത്തരവുമൂലമുണ്ടാകുകയെന്നും വർഷത്തിൽ രണ്ടുതവണ എന്ന പരിധി നിശ്ചയിച്ചെങ്കിലും പ്രവാസികൾക്ക് ഇൗ ഇളവ് പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാവണമെന്നും ഇന്ത്യൻ കാർഗോ ഏജന്റ് അസോസിയേഷൻ (ഐ.സി.എ.എ) പ്രസിഡൻറ് സാദിഖ് അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."