അതും പൊളിച്ചു; ഇനി പെരുവഴി!
പെരിന്തല്‍മണ്ണ: നഗരത്തിലെത്തുന്ന യാത്രക്കാര്‍ ചെര്‍പ്പുളശ്ശേരി, പട്ടാമ്പി ഭാഗങ്ങളിലേക്കുള്ള ബസ് കാത്തിരിക്കുന്നതിനായി ആശ്രയിച്ചിരുന്ന സംഗീത ജങ്ഷനിലെ താല്‍ക്കാലിക ബസ് ഷെഡും പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിലായി. നേരത്തെ, ഇവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നഗരത്തിലെ അവസാനഘട്ട ക്രമീകരണത്തിന്റെ ഭാഗമായി എടുത്തുകളയുകയായിരുന്നു. തുടര്‍ന്നു പ്രതിഷേധം ശക്തമായതോടെ പിന്നീട് ഇരിപ്പിട സൗകര്യമോ മറ്റോ ഇല്ലാതെ താര്പായകൊണ്ടു വലിച്ചുകെട്ടിയ താല്‍ക്കാലിക ഷെഡാണ് അധികൃതര്‍ ഇവിടെ നിര്‍മിച്ചത്. ഇപ്പോള്‍ റോഡിലെ ഓട നിര്‍മാണത്തിന്റെ ഭാഗമായി ഇതും പൊളിച്ചുമാറ്റിയതോടെ യാത്രക്കാര്‍ക്കു ദുരിതം ഇരട്ടിയായിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പടെയുള്ള യാത്രക്കാര്‍ വെയിലേറ്റ് മിനുട്ടുകളോളം ബസ് കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്.
ഇന്നലെ വളപുരത്തേക്കു പോകേണ്ട ഭിന്നശേഷിക്കാരനായ ഒരു സര്‍ക്കാര്‍ ജീവനക്കാരന് അര മണിക്കൂറോളമാണ് ഒറ്റക്കാലില്‍ ദുരിതംപേറി ഇവിടെ നില്‍ക്കേണ്ടിവന്നത്. നഗരത്തില്‍ മൂന്ന് ആശുപത്രികള്‍ നിലകൊള്ളുന്ന കോഴിക്കോട് റോഡില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കു സംഗീത ജങ്ഷനിലെ സ്റ്റോപ്പിനു പകരമായി മറ്റു സ്റ്റോപ്പുകളില്‍ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ അപ്പുറത്തെത്തണമെന്നതിനാല് ദുരിതം സഹിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം. സംഗീത ജങ്ഷനിലെ സ്റ്റോപ്പ് കൂടാതെ അയിഷാ കോംപ്ലക്സ് പരിസരത്തും പട്ടാമ്പി റോഡില്‍ ബ്ലോക്ക് ഓഫിസ് പരിസരത്തുമാണ് ഈ വഴി പോവേണ്ടവര്ക്കു മറ്റു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."