ദിലീപിനെതിരായ അന്വേഷണം അവസാനഘട്ടത്തിലേക്ക്; ഒരുമാസത്തിനകം കുറ്റപത്രം നല്‍കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവുശേഖരണവും ഏതാണ്ട് പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേസില്‍ ദിലീപിനെതിരെ ഒരുമാസത്തിനകം അനുബന്ധ കുറ്റപത്രം നല്‍കും. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം കുറ്റപത്രവും പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കിയുള്ള ഒന്നാം കുറ്റപത്രവും ഒന്നിച്ചു വിചാരണ നടത്താന്‍ കഴിയുന്ന രീതിയിലേക്കാണ് പൊലിസ് നീങ്ങുന്നത്. ദിലീപ് അടുത്ത ദിവസം ജാമ്യാപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വേഗത്തിലാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
തെളിവു നശിപ്പിച്ചവര്‍ ഉള്‍പ്പെടെ കേസില്‍ നിലവില്‍ 13 പ്രതികളാണ് ഉള്ളത്. നിലവില്‍ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാംപ്രതിയാവും. അതേസമയം കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്നും അന്വേഷണസംഘം സൂചന നല്‍കുന്നുണ്ട്.
കേസിലെ നിര്‍ണായക തൊണ്ടിമുതലായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറികാര്‍ഡും കണ്ടെത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു.
അതേസമയം, ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. ദിലീപിന്റെ അഭിഭാഷകനായിരുന്ന അഡ്വ. കെ. രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞ സാഹചര്യത്തില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് ദിലീപ് അടുത്തയാഴ്ച വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
നേരത്തെ അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹരജികള്‍ തള്ളിയിരുന്നു. ഇതോടെയാണ് അഭിഭാഷകനെ മാറ്റിയത്. സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കമുണ്ടായെങ്കിലും സ്ത്രീപീഡന കേസുകളില്‍ സുപ്രിംകോടതി കര്‍ശന നിലപാട് എടുക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്.
കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നും ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ദിലീപിന്റെ ജാമ്യഹരജി ആദ്യം തള്ളിയത്. എന്നാല്‍, അപ്പുണ്ണിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്തുകഴിഞ്ഞു. കൂടാതെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ കുറ്റസമ്മതമൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."