ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം ബഹ്‌റൈനിലെന്ന് ആഗോള സൂചിക
#സി.എച്ച്. ഉബൈദുല്ല റഹ്മാനി
മനാമ: ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യം ബഹ്‌റൈനാണെന്ന് ആഗോള സൂചികയുടെ റിപ്പോര്‍ട്ട്. നാലാമത് വാര്‍ഷിക മനുഷ്യ സ്വാതന്ത്ര്യ സൂചിക (എച്ച്.എഫ്.ഐ) പ്രകാരമാണ് ഈ വിലയിരുത്തല്‍. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്, കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജര്‍മനിയിലെ ഫ്രെഡറിക് നൗമാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്രീഡം എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും സമഗ്രമായ സ്വാതന്ത്ര്യ സൂചികയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വനിതകളുടെ സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും തോത് തുടങ്ങിയ കാര്യങ്ങളാണ് സൂചിക പരിഗണിച്ചത്.
ആഗോള തലത്തില്‍ 162 രാജ്യങ്ങളിലെ സ്വാതന്ത്ര്യ നിലവാരമാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഗോളതലത്തില്‍ ഇതില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ന്യൂസിലാന്റിനാണ്. സ്വിറ്റ്‌സര്‍ലന്റാണ് രണ്ടാമത്. മൂന്നാമത് ഹോങ്കോങുമാണ്. മൊത്തം രാജ്യങ്ങളില്‍ ബഹ്‌റൈന്റെ സ്ഥാനം 75 ആണ്.
കഴിഞ്ഞ വര്‍ഷം ബഹ്‌റൈന്റെ സ്ഥാനം 85 ആയിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ നില ഇങ്ങനെയാണ്.
ഖത്തര്‍ 103, യു.എ.ഇ 117, കുവൈത്ത് 124, ഒമാന്‍ 129, സഊദി അറേബ്യ 146. കൂടാതെ ജോര്‍ദന്‍, നികരാഗ്വ, മെക്‌സിക്കോ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളും ബഹ്‌റൈനു സമാനമായി 75ാം നിലയിലെത്തിയിട്ടുണ്ട്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ കണക്കില്‍ ബഹ്‌റൈന് ആഗോളതലത്തില്‍ 114ാം സ്ഥാനമാണുള്ളത്. സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ 30ാം സ്ഥാനത്താണ് ബഹ്‌റൈന്‍. ഒട്ടും സ്വാതന്ത്ര്യമില്ലാത്ത രാജ്യം സിറിയ ആണെന്ന് സൂചികയുടെ വിലയിരുത്തല്‍. വെനിസ്വേല (161), യമന്‍ (160) എന്നീ രാജ്യങ്ങളും സൂചികയില്‍ ഏറെ പിറകിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."