കേരളത്തില്‍ ബി.ജെ.പി വന്‍ റാലിക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ സമരം നടത്തിയ സംസ്ഥാനമെന്ന നിലയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കേരളത്തില്‍ വന്‍ റാലി നടത്താന്‍ ബി.ജെ.പി ഒരുങ്ങുന്നു. റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കുന്നതിനും ആലോചനയുണ്ട്.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന പ്രതിഷേധമാണ് കേരളത്തില്‍ നിന്നുയര്‍ന്നത് എന്നതിനാലാണ് അതിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ റാലി നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പരക്കെ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം റാലികള്‍ നടത്താന്‍ ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഞെട്ടിക്കുന്ന തരത്തില്‍ ആളെ പങ്കെടുപ്പിച്ചുള്ള റാലിക്കാണ് അവര്‍ ആലോചന നടത്തുന്നത്.
സംസ്ഥാന പ്രസിഡന്റിന്റെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും പുതിയ പ്രസിഡന്റിനായുള്ള ചരടുവലികള്‍ ഗ്രൂപ്പുകള്‍ ശക്തമായി നടത്തുകയും ചെയ്യുമ്പോഴാണ് വന്‍ റാലി നടത്താനും ബി.ജെ.പി ആലോചിക്കുന്നത്. കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അടുത്ത ദിവസം തന്നെ റാലി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത. അതിനിടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ ജനുവരി അഞ്ചിന് മുന്‍പ് പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗവും നടന്നു. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റും വി.വി രാജേഷിനെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുരളീധരപക്ഷം ശക്തമായ കരുനീക്കമാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."