തേവര കായലിലെ ഡ്രഡ്ജിങിന് എതിരേ പ്രതിഷേധം ശക്തം
നെട്ടൂര്‍: തേവര കായലിലെ അശാസ്ത്രീയ ഡ്രഡ്ജിങിനെതിരേ ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. ഐലന്‍ഡില്‍ നിന്നും അമ്പലമുകളിലേക്ക് ചരക്ക് കൊണ്ടു പോകുന്ന ബാര്‍ജിന്റെ ചാല് ആഴംകൂട്ടുന്നതിന്റെ ഭാഗമായാണ് ഡ്രഡ്ജിങ് നടത്തുന്നത്. സ്വകാര്യ കമ്പനിയാണ് കരാരെടുത്ത് ചെളിനീക്കം ചെയ്യുന്നത്. കുഴിച്ചെടുക്കുന്ന ചെളി സമീപ കായലില്‍ തന്നെ നിക്ഷേപിക്കുന്നതായി മത്സ്യതൊഴിലാളികള്‍ പരാതിപ്പെടുന്നു.
ഒരു മാസത്തോളമായി ഇവിടെ ഡ്രഡ്ജിങ് തുടരുകയാണ്. ഫ്‌ലോട്ടിങ് ജെ.സി.ബി ഉപയോഗിച്ച് ആഴം കുറഞ്ഞ ഭാഗങ്ങളിലെ ചെളി കോരിയെടുത്ത് ബാര്‍ജില്‍ കയറ്റി ദൂരെ നിക്ഷേപിക്കുന്നതിനാണ് കരാര്‍ . ഒരു ദിവസം 15 ലോഡ് ബാര്‍ജ് ചെളിവരെ നീക്കംച്ചെയുന്നുണ്ട്. ഒരു ബാര്‍ജില്‍ നാല് ലോറി ചെളി വരെ കോരി മാറ്റാന്‍ കഴിയും. ഇത്തരത്തില്‍ 50 ലോറി ചെളിയാണ് ചാലില്‍ നിന്ന് പ്രതിദിനം നീക്കം ചെയ്യുന്നത്.
പനങ്ങാട്, കുമ്പളം, ചേപ്പനം, നെട്ടൂര്‍, തേവര, ഇടകൊച്ചി, തോപ്പുംപടി, സൗദി എന്നീ ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ നീട്ടുവലയിടുന്നത് തേവര കായല്‍ ദാഗത്താണ്. വലയിടുന്ന ഭാഗങ്ങളില്‍ ചെളി നിക്ഷേപിക്കുന്നതിനെതിരെയാണ് മത്സ്യ തൊഴിലാളികളുടെ പരാതി. ഇത് മൂലം ഇവിടെ കായലിന്റെ ആഴം കുറഞ്ഞതിനാല്‍ മത്സ്യം ലഭ്യത കുറയുന്നതായി അവര്‍ പറയുന്നു. കൂടാതെ വലയുടെ മുകളില്‍ ചെളി അടിഞ്ഞുകൂടി തൊഴിലാളികളുടെ വല നശിക്കുന്നതായും പരാതിയുണ്ട്.
അയ്യായിരം രുപയിലേറെ വിലയുള്ള വലയാണ് തൊഴിലാളികളില്‍ പലരുടേയും.വല നശിച്ചതോടെ മത്സ്യ ബന്ധനം മുടങ്ങി ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണ് ഈ മേഖലയിലെ മത്സ്യ തൊഴിലാളികള്‍. വിവരം കരാര്‍ കമ്പനിയെ അറിയിച്ചെങ്കിലും ഇത് തന്നെ തുടരുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. അധികൃതര്‍ ഇടപെട്ട് അടിയന്തിരമായി വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇതിനെതിരെ ഈ മാസം12 ന് രാവിലെ 10ന് മരടിലെ ഉള്‍നാടന്‍ ജലപാത അതോറിട്ടി ഓഫീസ് ഉപരോധിക്കുമെന്ന് പ്രദേശത്തെ വിവിധ മത്സ്യതൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."