വിമാനം വൈകി; കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാനായില്ല
ന്യൂഡല്‍ഹി: വിമാനം അഞ്ചുമണിക്കൂറോളം വൈകിയതിനെതുടര്‍ന്ന് മുസ്്‌ലിം ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുല്‍ വഹാബിനും വോട്ട്‌ചെയ്യാനായില്ല. 7.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനം മുംബൈ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂറോളമാണ് വൈകിയത്.
കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 11.55ന് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. വിമാനം പുറപ്പെടാന്‍ വൈകിയത് സാങ്കേതിക തകരാറുകാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. വിമാനം വൈകുമെന്ന് ഉറപ്പായതോടെ എം.പിമാരാണെന്നും മറ്റൊരുവിമാനത്തില്‍ പോകാനായി ഇറക്കിത്തരണമെന്നും ഇരുവരും എഴുതി നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു.
2.55ന് മുംബൈയില്‍ നിന്നു പറന്നുയര്‍ന്ന വിമാനം 4.20ഓടെ ഡല്‍ഹിയിലെത്തി. വിമാനത്താവളത്തിലുള്ള താമസവും തുടര്‍ന്ന് ഗതാഗതക്കുരുക്കിലും അകപ്പെട്ട് പാര്‍ലമെന്റില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞ് എട്ടുമിനിറ്റായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് 13 കിലോമീറ്ററാണ് പാര്‍ലമെന്റിലേക്കുള്ളത്. അഞ്ചുമണിക്ക് പോളിങ് അവസാനിച്ചതിനാല്‍ ലീഗിന്റെ ആകെയുള്ള മൂന്നു എം.പിമാരില്‍ രണ്ടുപേര്‍ക്ക് വോട്ട്‌ചെയ്യാനായില്ല.
വ്യോമയാനമന്ത്രാലയത്തിനും ലോക്‌സഭാസ്പീക്കര്‍ക്കും എയര്‍ ഇന്ത്യക്കും പരാതി നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്നും ഇരുവരും പറഞ്ഞു. വിമാനം വൈകിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നു എം.പിമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."