പ്രതിഷേധവുമായി കോണ്‍ഗ്രസ്; ആക്രമണത്തിനു പിന്നില്‍ ആര്.എസ്.എസ്: രാഹുല്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് ആര്.എസ്.എസ് പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ആക്രമണമാണ് ആര്.എസ്.എസും പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്തുടരുന്ന രാഷ്ട്രീയ രീതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ നടത്തിയ ആസൂത്രിതമായ ആക്രമണമാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കേന്ദ്ര, ഗുജറാത്ത് സര്‍ക്കാറുകളാണ് ഇതിന് ഉത്തരവാദികള്‍. സംസ്ഥാനത്തെത്തിയ രാഹുലിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഗുജരാത്ത് സര്‍ക്കാരിനാണ്. ആക്രമിക്കപ്പെടുമ്പോള്‍ രാഹുല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷയിലാണുണ്ടായിരുന്നതെന്നും ഗുലാം നബി പറഞ്ഞു. ആര്.എസ്.എസിന്റെ സ്വഭാവവും ലക്ഷ്യവുമാണ് ആക്രമണത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ബി.ജെ.പിയും ആര്.എസ്.എസും അക്രമങ്ങളിലാണ് വിശ്വസിക്കുന്നത്. ഇതിനെതിരേ പോരാടുമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
പ്രശ്നത്തില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിച്ച് പ്രളയബാധിതരെ സഹായിക്കാന്‍ ഇറങ്ങണമെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നു. അഹമ്മദാബാദ്, ഛണ്ഡീഗഡ്, ഭോപ്പാല്‍, മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
ആക്രമണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്കന്ധയില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി യുവജന സംഘടനയായ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. ബനസ്കന്ധ ജില്ലാ ജനറല്‍ സെക്രട്ടറി ജെയേഷ് ദാര്ജിയാണ് അറസ്റ്റിലായത്.
ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയും ആര്.എസ്.എസുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവമോര്‍ച്ചാ നേതാവ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."