ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യം നാടാകെ ഉയരുന്ന അവസ്ഥ: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ചിലര്‍ക്ക് താന്‍ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് വേദനാജനകമായ സ്ഥിതിയാണ്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ ജീവിതത്തില്‍ മനുഷ്യര്‍ക്കിടയില്‍ അകലം വര്‍ധിക്കുന്നു. ജാതി മുതല്‍ വംശം വരെ ഇതിനു കാരണമാകുന്നു.
രാജ്യം വലിയ ആശങ്കയില്‍ കഴിയുന്ന ഘട്ടത്തില്‍ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണ്. ഇത്തരം എഴുത്തുകള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രവചന സ്വഭാവമുള്ള സര്‍ഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനില്‍ക്കുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ചരിത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിനൊപ്പം സൃഷ്ടിക്കപ്പെടുന്ന പ്രതിസംസ്‌കാരം മൂല്യങ്ങളെ നശിപ്പിക്കുന്നതായി ആനന്ദ് പറഞ്ഞു. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്ത മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുന്നു. കാലഹരണപ്പെട്ടവയെ വീണ്ടും ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ലോകമെമ്പാടും ഇതു സംഭവിക്കുന്നു. ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുട്ടിനോട് പൊരുതുവാന്‍ വെളിച്ചത്തിനേ കഴിയൂ എന്ന് ഓര്‍ക്കണമെന്ന് ആനന്ദ് പറഞ്ഞു.
മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."