പൗരത്വ നിയമ ഭേദഗതി: ഇന്ത്യയിലെ മുസ്ലിം വേട്ടയ്‌ക്കെതിരേ ഒ.ഐ.സി
റിയാദ്: പൗരത്വ നിയമ ഭേദഗതിയുള്‍പ്പെടെ ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം വേട്ടയ്‌ക്കെതിരേ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍(ഒ.ഐ.സി).
പൗരത്വ അവകാശങ്ങള്‍, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നു പറഞ്ഞ ഒ.ഐ.സി ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയുടെ തത്ത്വമനുസരിച്ചും അന്താരാഷ്ട്ര ഉടമ്പടികള്‍ അനുസരിച്ചും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വിവേചനം കൂടാതെ അനുവദിച്ചുകൊടുക്കണം.
മറിച്ചുള്ള നീക്കങ്ങള്‍ സമാധാനവും സുരക്ഷയും അപകടത്തിലാക്കുമെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധം അതിശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളടക്കമുള്ള മുസ്‌ലിം രാജ്യ കൂട്ടായ്മ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണെന്നും കൂടുതല്‍ പൗരന്മാരെ ഗള്‍ഫ് ജയിലില്‍ നിന്നു മോചിപ്പിച്ചത് തന്റെ ഭരണകാലത്താണെന്നും കഴിഞ്ഞ ദിവസം മോദി പ്രസംഗിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇടപെടില്ലെന്ന് സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാദം.
നേരത്തെ, ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഒ.ഐ.സിയുടെ കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ ചരിത്രത്തിലാദ്യമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിച്ചിരുന്നു. 1969ല്‍ രൂപീകരിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യത്തിന്റെ സമ്മേളനത്തില്‍ ഇന്ത്യക്ക് ആദ്യമായാണ് അന്ന് ക്ഷണം ലഭിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളടക്കം 57 മുസ്‌ലിം രാജ്യങ്ങള്‍ അംഗമായ സംഘടനയാണ് ഒ.ഐ.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."