തെരുവിലിറങ്ങി സിനിമ, സാംസ്കാരിക പ്രവര്‍ത്തകര്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സിനിമ, സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലക്ടീവ് ഫേസ്വണ്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി സ്ക്വയറില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി വാസ്കോ സ്ക്വയറിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. പ്രമുഖ എഴുത്തുകാരന് എന്‍.എസ് മാധവന് ഭരണഘടനയുടെ ആമുഖം വായിച്ച് ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധത്തിന്റെ തീവ്രത കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകില്ലെന്ന് എന്‍.എസ് മാധവന് പറഞ്ഞു. രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ ജനങ്ങളെ മുഴുവന്‍ ആശങ്കപ്പെടുത്തുന്ന നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടിമാരായ നിമിഷാ സജയന്, റിമ കല്ലിങ്കല്‍, അനാര്‍ക്കലി മരിക്കാര്‍, അര്‍ച്ചന പദ്മിനി, നടന്മാരായ ഷെയ്ന് നിഗം, മണികണ്ഠന്, സംവിധായകരായ കമല്‍, രാജീവ് രവി, ആഷിക് അബു, ഗീതു മോഹന്‍ദാസ്, എഴുത്തുകാരായ ആര്. ഉണ്ണി, സംഗീത സംവിധായകന് ഷഹബാസ് അമന്, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്, ഛായാഗ്രാഹകന്‍ വേണു, വി.എം ഗിരിജ, അന്‍വര്‍ അലി, എന്‍.എം പിയേഴ്സണ്‍, സി.ആര് നീലകണ്ഠന്, ബോണി തോമസ്, എസ്. ഹരീഷ് തുടങ്ങിയ പ്രമുഖരെല്ലാം ലോങ് മാര്‍ച്ചിന്റെ ഭാഗമായി. വിവിധ രാഷ്ട്രീയ നേതാക്കളും തൊഴിലാളികളും വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. 'ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണ്'എന്നതായിരുന്നു മാര്‍ച്ചിന്റെ മുദ്രാവാക്യം. നാടിനെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധം മുദ്രാവാക്യങ്ങളായി മാര്‍ച്ചില്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."