നികുതി വര്‍ധനവിലെ പ്രതിഷേധം: കരാറുകാര്‍ ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കും
കൊട്ടാരക്കര:ജി.എസ്.ടി വന്നതോടെയുണ്ടായ നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് ജില്ലയിലെ അംഗീകൃത കരാറുകാര്‍ ടെണ്ടര്‍ നടപടികള്‍ ബഹിഷ്‌കരിച്ചു തുടങ്ങി.
ഇതോടെ ത്രിതല പഞ്ചായത്തുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. ജി.എസ്.ടി അനുസരിച്ചുള്ള നികുതി ഈടാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ ഈടാക്കുന്ന തുക സംബന്ധിച്ച് വ്യക്തത കൈവരുത്താനും ഉത്തരവായി പുറപ്പെടുവിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമൂലം ഉദ്യോഗസ്ഥരും കരാറുകാരും ആശങ്കയിലാണ്. ജി.എസ്.ടി വരുന്നതിനു മുമ്പ് കരാറുകാരില്‍ നിന്നും കോമ്പൗണ്ടിംങ് നികുതിയാണ് ഈടാക്കിയിരുന്നത്. കരാര്‍ തുകയുടെ നാലു ശതമാനമായിരുന്നു ഇത്. അംഗീകൃത കരാറുകാരെല്ലാം 2018 വരെയുള്ള കോമ്പൗണ്ടിംങ് നികുതി അടച്ചിട്ടുള്ളവരാണ്.
ജി.എസ്.ടി പ്രകാരം 14 ശതമാനം നികുതി അടയ്ക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഒരു ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് 14,000 രൂപ നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടി വരും.
ഇങ്ങനെ ചെയ്യേണ്ടിവന്നാല്‍ കരാറുകാര്‍ക്ക് നഷ്ടം സംഭവിക്കും. കോമ്പൗണ്ടിംങ് നികുതി കണക്കാക്കിയാണ് തൃതല പഞ്ചായത്തുകള്‍ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
ജി.എസ്.ടി നടപ്പിലാക്കിയാല്‍ അതുകൂടി ഉള്‍പ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.
അല്ലെങ്കില്‍ ജി.എസ്.ടി ഒഴിവാക്കി പഴയ സമ്പ്രദായത്തില്‍ നികുതി ഈടാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ജില്ലയില്‍ നിര്‍മ്മാണത്തിന് ആവശ്യമുള്ള പാറയും, മെറ്റലും, മണലും ലഭ്യമല്ല. മറ്റു ജില്ലകളില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ ആണ് അത് എത്തിക്കേണ്ടത്. ഇതിനെല്ലാം അമിതവിലയും വണ്ടി വാടകയും നല്‍കേണ്ടി വരുന്നു. ഇതുമൂലം കരാര്‍ ജോലികളെല്ലാം നഷ്ടത്തില്‍ കലാശിച്ചിരിക്കുകയാണ്. ഇതു പരിഹരിക്കാന്‍ നിര്‍മ്മാണ സാമിഗ്രികള്‍ ജില്ലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കരാറുകാര്‍ ആവശ്യമുന്നയിച്ചിരുന്നു.
എം.എല്‍.എ, എം.പി ഫണ്ടില്‍ ചെയ്ത കരാര്‍ ജോലികളുടെ പണം യഥാസമയം നല്‍കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാകാത്തതിലും കരാറുകാര്‍ പ്രതിഷേധത്തിലാണ്.
ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ ജോലിയുടെ പണം പോലും ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് കരാറുകാരുടെ ആവശ്യം. കിഴക്കന്‍ മേഖലകളിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ നടന്ന കരാര്‍ നടപടികളെല്ലാം കരാറുകാര്‍ ബഹിഷ്‌കരിച്ചിരുന്നു. മറ്റു പഞ്ചായത്തുകളിലേയും കരാര്‍ നടപടികളില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതുമൂലം അധികൃതരും ജനപ്രതിനിധികളും പ്രതിസന്ധിയിലാണ്. അത്യാവശ്യം വേണ്ടതും വാഗ്ദാനങ്ങള്‍ നല്‍കിയതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
വികസന പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ ഇത് ബാധിക്കും. നികുതി സംബന്ധിച്ച് വ്യക്തത കൈവരുത്തുവാനും ഈ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഇടപെടലാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."