ഇനി ശുചിത്വ സാഗരം
കൊല്ലം: മത്സ്യക്കൊയ്ത്ത് കഴിഞ്ഞ് ബോട്ടുകളായ ഹോളി സ്റ്റാറും ചപ്രയും ശക്തികുളങ്ങര ഹാര്‍ബറിലടുക്കുമ്പോള്‍ കാത്തുനിന്ന ഇളംനീല കുപ്പായക്കാരികളിലായിരുന്നു ഏവരുടെയും ശ്രദ്ധ.
ശുചിത്വ സാഗരം ആലേഖനം ചെയ്ത യൂനിഫോം ധരിച്ച സാഫിന്റെ വനിതാ രത്‌നങ്ങള്‍ക്കൊപ്പം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ കൂടി കണ്ടപ്പോള്‍ തൊഴിലാളികളുടേയും മറ്റും കൗതുകം ഇരട്ടിച്ചു.
ബോട്ടുകള്‍ കടലില്‍ നിന്ന് ശേഖരിച്ച് കൊണ്ടുവന്ന അജൈവ മാലിന്യങ്ങളടങ്ങിയ കാരിബാഗുകള്‍ തൊഴിലാളികളില്‍ നിന്ന് ഏറ്റുവാങ്ങി മന്ത്രി, സാഫ് വനിതകളെ ഏല്‍പ്പിക്കുമ്പോള്‍ രാജ്യത്തിനാകെ മാതൃകയായ ശുചിത്വ സാഗരം പദ്ധതി യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ബോട്ടുകള്‍ കടലില്‍ കൊണ്ടുപോയ ഭക്ഷണം, പാല്‍, ബേക്കറി സാധനങ്ങളുടെയും മറ്റും കവറുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, കുടിവെള്ള കുപ്പികള്‍, ഓയില്‍, ഗ്രീസ് ടിന്നുകള്‍, വലകളുടെ ഭാഗങ്ങള്‍, കുട്ടകള്‍, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍, യന്ത്രഭാഗങ്ങള്‍ തുടങ്ങി ഒരുകൂട്ടം അജൈവ മാലിന്യങ്ങളായിരുന്നു കാരിബാഗില്‍. വല വലിക്കുമ്പോള്‍ കയറിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവയില്‍പ്പെടും.
കടലിന്റെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യ സമ്പത്തിനും അപകടം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി ശേഖരിച്ച് കരയിലെത്തിക്കുന്നത് മഹത്തായ പ്രവര്‍ത്തനമാണെന്ന് മന്ത്രിപറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ സജ്ജമാക്കും.
വകുപ്പുകളുടെ ഏകോപനത്തിലൂടെ ശ്രമകരമായ പല പ്രവര്‍ത്തനങ്ങളും സാധ്യമാക്കാന്‍ കഴിയുമെന്നതിന്റെ സാക്ഷ്യമാണ് ശുചിത്വ സാഗരം പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ആരംഭിച്ച ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന ആയിരത്തോളം യാനങ്ങള്‍ ഇനി പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങളും ശേഖരിച്ചാവും തിരിച്ചെത്തുക. എന്‍.വിജയന്‍ പിള്ള എം.എല്‍. എ ചടങ്ങില്‍ അധ്യക്ഷനായി. ഫിഷറീസ് ഡയറക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ് കുമാര്‍, മത്സ്യഫെഡ് എം ഡി ലോറസ് ഹരോള്‍ഡ്, വാര്‍ഡ് കൗണ്‍സിലര്‍ സോണിഷ, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ജി.സുധാകരന്‍, നെറ്റ്ഫിഷ് പ്രതിനിധി സംഗീത, സാഫ് പ്രതിനിധി ഗീത, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ചാര്‍ളി ജോസഫ്, പീറ്റര്‍ മത്യാസ്, വൈ അലോഷ്യസ് തുടങ്ങിയര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."