ശ്രീലങ്ക പൊരുതുന്നു
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ശ്രീലങ്ക പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 183 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ പൊരുതുന്നു. എട്ട് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 230 റണ്‍സ് കൂടി വേണം. രണ്ടാം ടെസ്റ്റ് സമനിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലങ്കന്‍ നിര.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ന്നു പോയ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചതാണ് മൂന്നാം ദിനത്തിലെ സവിശേഷത. സെഞ്ച്വറി നേടി പുറത്തായ കുശാല്‍ മെന്‍ഡിസിന്റേയും 92 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന കരുണരത്‌നെയുടേയും ബാറ്റിങാണ് അവര്‍ക്ക് കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ രണ്ട് റണ്‍സുമായി പുഷ്പകുമാരയാണ് കരുണരത്‌നെയ്‌ക്കൊപ്പം ക്രീസിലുള്ളത്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഉപുല്‍ തരംഗയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മെന്‍ഡിസ്- കരുണരത്‌നെ സഖ്യം 191 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതിരോധം തീര്‍ത്തു. മെന്‍ഡിസ് 135 പന്തില്‍ 17 ഫോറുകളുടെ അകമ്പടിയോടെ 110 റണ്‍സെടുത്ത് പുറത്തായി. കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 92 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന കരുണരത്‌നെ 200 പന്തുകള്‍ നേരിട്ട് ഇതുവരെ 12 ബൗണ്ടറികള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പങ്കിട്ടു.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ആര്‍ അശ്വിന്റെ മികച്ച ബൗളിങാണ് ലങ്കയെ വെട്ടിലാക്കിയത്. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഷമി, ജഡേജ എന്നിവര്‍ അശ്വിനെ പിന്തുണച്ചു. ഉമേഷ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. 51 റണ്‍സെടുത്ത ഡിക്ക്‌വെല്ലെയ്ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ അല്‍പ്പം പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്.
ജഡേജയ്ക്ക് നേട്ടം
കൊളംബോ: ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു നാഴികക്കല്ല് പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. 32 മത്സരങ്ങളില്‍ നിന്നാണ് ജഡേജയുടെ നേട്ടം. 29 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ തികച്ച സഹ താരം ആര്‍ അശ്വിനാണ് ഒന്നാമത്. ഏറാപ്പള്ളി പ്രസന്ന, അനില്‍ കുംബ്ലെ എന്നിവര്‍ 34 ടെസ്റ്റുകളില്‍ നിന്നും ഹര്‍ഭജന്‍ സിങ് 35 ടെസ്റ്റുകളില്‍ നിന്നുമാണ് നേട്ടത്തിലെത്തിയത്. ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇടംകൈയന്‍ ഇന്ത്യന്‍ സ്പിന്നറായും ജഡേജ മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."